ന്യൂദല്‍ഹി: ശബ്ദ വോട്ടോടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതിഷേധിക്കുന്ന എം.പിമാരെ പ്രശംസിച്ചു കൊണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ നടന്ന പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ആംആദ്മി പാര്‍ട്ടിയുടെ എം.പി സഞ്ജയ് സിംഗും ഉള്‍പ്പെടുന്നുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പാരോടുകയാണ്. അവര്‍ക്ക് മുന്നില്‍ മറ്റ് പ്രതിസന്ധികളൊന്നും പ്രശ്‌നമല്ലെന്നും എം.പിമാരെ പിന്തുണച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
‘എം.പിമാര്‍ അവര്‍ക്ക് വേണ്ടിയല്ല പോരാടുന്നത്. അവര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് പോരാടുന്നത്. അവര്‍ ഈ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് പോരാടുന്നത്,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഈ നിയമങ്ങള്‍ അവരെ ഇല്ലാതാക്കുമെന്ന് രാജ്യത്തെ കര്‍ഷകര്‍ ഒരേസ്വരത്തില്‍ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘അത്രയും അപകടകരമായ ഒരു ബില്ല് വോട്ടിനിടാതെ പാസാക്കിയിരിക്കുന്നു. പിന്നെ എന്താണ് പാര്‍ലമെന്റ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? പിന്നെ എന്താണ് തെരഞ്ഞെടുപ്പ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? ഒരു ബില്ല് ഇങ്ങനെ പാസാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ലമെന്റ് സെഷന്‍ വിളിച്ച് കൂട്ടിയത്,’ കെജ്‌രിവാള്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. എം.പിമാരെ തിരിച്ചെടുക്കുന്നത് വരെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് എം.പി ഗുലാം നബി ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.
കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.
രാത്രിയോടെ പ്രതിഷേധം ആരംഭിച്ചെങ്കിലും എം.പിമാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. എം.പിമാര്‍ മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയെക്കുറിച്ചും മറ്റു നടപടികളെക്കുറിച്ചും ആലോചിക്കാന്‍ കേന്ദ്രം തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ എം.പിമാര്‍ അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ തങ്ങളെ നിശബ്ദരാക്കില്ലെന്ന് നേരത്തെ എളമരം കരീം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിഷേധം തുടരുകയാണെന്ന് കെ.കെ രാഗേഷും അറിയിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Arvind Kejriwal supports the eight opposition MP’s protesting out side