| Wednesday, 29th March 2023, 11:03 am

അദാനി പറയും ആരെ ജയിലിലടണമെന്നും ആർക്കെതിരെ റെയ്ഡ് വേണമെന്നും, മോദി അത് ചെയ്യും; പണമുണ്ടാക്കണമെന്ന ആർത്തിയാണ് മോദിക്ക് : അരവിന്ദ് കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി നിയമസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ. ഗൗതം അദാനിയെ പിൻതാങ്ങുന്ന പ്രാഥമിക നിക്ഷേപകനാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിയാണെന്നും കെജ്‌രിവാൾ പറഞ്ഞു.

അദാനി ​ഗ്രൂപ്പിൽ നിക്ഷേപിക്കപ്പെട്ട പണം പ്രധാനമന്ത്രിയുടേതാണ്. മോദിയുടെ പണമെല്ലാം കൈകാര്യം ചെയ്യുന്ന മാനേജർ മാത്രമാണ് അദാനിയെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

“നരേന്ദ്ര മോദി രാജ്യത്തെ കൊള്ളയടിക്കുകയാണ്. അദ്ദേഹം രാജ്യത്തെ പോർട്ടുകളും, വിമാന താവളങ്ങളും, മറ്റ് നിരവധി കാര്യങ്ങളും കൊള്ളയടിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കോൺ​ഗ്രസ് കൊള്ളയടിച്ചതിലും കൂടുതൽ 8-9 വർഷം കൊണ്ട് മോദി സർക്കാർ കൊള്ളയടിച്ചിട്ടുണ്ട്,” കെജ്‌രിവാൾ പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമില്ലെന്നും അതുകൊണ്ടു തന്നെ എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. മോദിയുടെ അത്യാർത്തി മറ്റുള്ളവർ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീലങ്കയിൽ പോയപ്പോൾ മോദി അവിടുത്തെ പ്രസിഡന്റ് ​ഗോതബയ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് വിൻഡ് പ്രോജക്ടുമായി ബന്ധപ്പെട്ട കരാർ അദാനി ​ഗ്രൂപ്പിന് നൽകണമെന്നും മോദി ​ഗോതബയയോട് ആവശ്യപ്പെട്ടിരുന്നു. അദാനിയുടെ തലച്ചോറാണ് മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ. അദാനി പറയും ആരെ ജയിലിലടണം, ആരെ പുറത്താക്കണം, ആർക്കെതിരെ ഇ.ഡി റെയ്ഡ് നടത്തണം എന്നൊക്കെ. മോദി അതുപോലെ പ്രവർത്തിക്കും.

മോദി ബം​ഗ്ലാദേശിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് 25 വർഷത്തേക്ക് 1500 മെ​ഗാവാട്ട് വൈദ്യുതി വാങ്ങിക്കോളാമെന്ന് ബം​ഗ്ലാദേശ് സർക്കാർ പറഞ്ഞിരുന്നു. ആ പദ്ധതിയും മോദി അദാനിക്ക് അനുകൂലമാക്കി മാറ്റി. 2014 വരെ ലോകത്തിലെ 609ാമത് ധനികനായിരുന്നു അദാനി. ഇന്ന്, അദാനിയാണ് ലോകത്തിലെ രണ്ടാമത്തെ കോടീശ്വരൻ.

പ്രധാനമന്ത്രി ഇത്തരക്കാരുടെ കളിപ്പാവയാകുന്നതിൽ ആശങ്കയുണ്ട്. പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന നമ്മുടെ രാജാക്കന്മാരിൽ നിന്ന് അവർ ഓരോ പദ്ധതികൾക്കെന്ന പേരിൽ പല കടലാസുകളും ഒപ്പിട്ടു വാങ്ങി. ഇന്നും അതേ അവസ്ഥ തന്നെയാണ് തുടരുന്നത്,” കെജ്‌രിവാൾ പറഞ്ഞു.

കെജ്‌രിവാൾ പാകിസ്ഥാനെ പോലെ പെരുമാറുകയാണെന്നായിരുന്നു ഇതിനോട് ബി.ജെ.പിയുടെ പ്രതികരണം. ഇവർ അസഭ്യവും അപകീർത്തികരവുമായ ഭാഷ ഉപയോഗിക്കുകയാണെന്നും ബി.ജെ.പി പറഞ്ഞു. എ.എ.പി നടത്തിയ അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാർട്ടി പ്രധാനമന്ത്രിക്കെതിരെ കുപ്രചരണം നടത്തുന്നതെന്നും ബി.ജെ.പി പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ രാഷ്ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ബി.ജെ.പി കൂട്ടിച്ചേർത്തു.

Content Highlight: Arvind kejriwal slams prime minister modi, says he is a puppet of Adani

We use cookies to give you the best possible experience. Learn more