| Thursday, 20th October 2022, 6:59 pm

മാലിന്യം വേണോ വൃത്തിയുള്ള ചുറ്റുപാട് വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ; അമിത് ഷാക്ക് മറുപടിയുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എ.എ.പി നിര്‍ഭര ഭാരതം വേണോ ആത്മനിര്‍ഭര ഭാരതം വേണോ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരും തമ്മിലുള്ള വാക്‌പോര്.

തെരഞ്ഞെടുപ്പില്‍ മാലിന്യമുക്ത ദല്‍ഹി വേണോ മാലിന്യമുള്ള ദല്‍ഹി വേണോ എന്നതിനായിരിക്കും ജനങ്ങള്‍ വിധിയെഴുതുക എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. തെഹ്ഖണ്ഡില്‍ മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.

‘അടുത്ത എം.സി.ഡി തെരഞ്ഞെടുപ്പില്‍ മാലിന്യം നിറഞ്ഞ ദല്‍ഹി വേണോ അതോ വൃത്തിയുള്ള ദല്‍ഹി വേണോ എന്ന് ദല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ.

15 വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എം.സി.ഡിക്ക് എത്ര പണമാണ് നല്‍കിയത്? രണ്ടിടത്തും ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടായിരുന്നില്ലേ? നിങ്ങളുടെ പരാജയത്തിന് കാരണങ്ങള്‍ പറഞ്ഞുവരരുത്. 15 വര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്ത ജോലി എന്താണെന്ന് പൊതുജനങ്ങളോട് പറയുക. അതിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു,’ കെജ്‌രിവാള്‍ പറഞ്ഞു.

ഓഖ്‌ല ലാന്‍ഡ്ഫില്‍ സൈറ്റില്‍ നിന്ന് തള്ളുന്ന മാലിന്യത്തില്‍ നിന്നും 25 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

അതേസമയം ദല്‍ഹിയെ അധികാരത്തിലെത്തിയാല്‍ മാലിന്യമുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ 15 വര്‍ഷം കൊണ്ട് നടക്കാതിരുന്ന കാര്യം മൂന്ന് വര്‍ഷം കൊണ്ട് നടത്തുമെന്ന് പറഞ്ഞാല്‍ അത് ജനങ്ങള്‍ എന്ത് അര്‍ത്ഥത്തില്‍ വിശ്വസിക്കും എന്നായിരുന്നു ഇതിനോട് കെജ്‌രിവാളിന്റെ പ്രതികരണം.

Content Highlight: Arvind kejriwal slams amit shah says let people decide

We use cookies to give you the best possible experience. Learn more