വിഷയം കോടതിയുടെ പരിഗണനയിലാണ്; ആറാമതും ഇ.ഡിക്ക് മുഖം കൊടുക്കാതെ കെജ്‌രിവാള്‍
India
വിഷയം കോടതിയുടെ പരിഗണനയിലാണ്; ആറാമതും ഇ.ഡിക്ക് മുഖം കൊടുക്കാതെ കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th February 2024, 2:07 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആറാമത്തെ സമന്‍സും നിരസിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുമ്പ് നാല് തവണ ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു.

വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ആവര്‍ത്തിച്ച് സമന്‍സ് അയക്കണ്ട കാര്യമില്ലെന്നും ആം ആദ്മി പാര്‍ട്ടി പ്രസ്താവനയിറക്കി. വിഷയത്തില്‍ ഇ.ഡി തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് സമന്‍സ് അയക്കുന്നതിന് പകരം വിഷയത്തിന്റെ സാധുത സംബന്ധിച്ച് കോടതിയുടെ തീരുമാനം വരുന്നത് വരെ ഇ.ഡി കാത്തിരിക്കണമെന്ന് എ.എ.പി പ്രസ്താവനയില്‍ പറഞ്ഞു.

ഇ.ഡിയുടെ സമന്‍സ് തുടര്‍ച്ചയായി നിഷേധിക്കുന്നതിന്റെ കാരണം വിശദീകരിക്കണമെന്ന് കെജ്‌രിവാളിനോട് ദല്‍ഹി കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ.ഡി ആറാമത്തെ സമന്‍സ് അയച്ചത്.

ഇ.ഡിക്ക് മുന്നില്‍ ഹാജരായാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തുടര്‍ച്ചയായി കെജ്‌രിവാള്‍ വിസമ്മതിക്കുന്നത്. കേസില്‍ ഇതുവരെ കെജ്‌രിവാളിനെ ഇ.ഡി പ്രതി ചേര്‍ത്തിട്ടില്ല.

എന്നാല്‍ ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്യസഭാഗം സഞ്ജയ് സിങുമുള്‍പ്പടെയുള്ള എ.എ.പി നേതാക്കള്‍ ജയിലിലാണ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും നിരസിച്ച എ.എ.പി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് ആരോപിച്ചു.

ഇ.ഡിയുടെ സമന്‍സ് വന്നതിന് പിന്നാലെ ദല്‍ഹി നിയമസഭയില്‍ കെജ്‌രിവാള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയിരുന്നു. വോട്ടെടുപ്പിന് പിന്നാലെ ഇ.ഡി അന്വേഷണത്തില്‍ ബി.ജെ.പിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചിരുന്നു. ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി എ.എ.പി ആണെന്നും അതിനാലാണ് എല്ലാ ഭാഗത്ത് നിന്നും അവര്‍ തങ്ങളെ അക്രമിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Contant Highlight: Arvind Kejriwal skips ED summons for sixth time