| Tuesday, 20th September 2022, 4:48 pm

സമരങ്ങള്‍ തുടരട്ടെ; അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പെന്‍ഷന്‍ സ്‌കീമുകള്‍ പുനസ്ഥാപിക്കുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. എ.എ.പി ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബില്‍ പഴയ പെന്‍ഷന്‍ പദ്ധതി (ഒ.പി.എസ്) നടപ്പാക്കുന്നത് സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വലിയ തോതില്‍ തെരുവിലിറങ്ങി. അവരുടെ പ്രധാന ആവശ്യം പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക എന്നതാണ്. ഇന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഞങ്ങള്‍ ഗുജറാത്തില്‍ ഒ.പി.എസ് നടപ്പിലാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,’ കെജ്‌രിവാള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണത്തിനായി വഡോദരയിലെത്തിയതായിരുന്നു കെജ്‌രിവാള്‍. വഡോദരയിലെ ടൗണ്‍ ഹാളില്‍ നടത്തിയ യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പഞ്ചാബ് പോലെ ഗുജറാത്തിലും ഒ.പി.എസ് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പെന്‍ഷനായി സമരം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് സമരം തുടരാനും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

‘ബി.ജെ.പി സര്‍ക്കാര്‍ ഒ.പി.എസ് നടപ്പിലാക്കുമെങ്കില്‍ നടത്തട്ടെ. അതല്ലെങ്കില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.. രണ്ട് മാസത്തിന് ശേഷം വരുന്ന ഞങ്ങളുടെ (എ.എ.പി) സര്‍ക്കാര്‍ നിങ്ങളുടെ ആവശ്യങ്ങളെല്ലാം നടപ്പിലാക്കും,’ അദ്ദേഹം പറഞ്ഞു.

ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിലും പരാജയപ്പെടുത്തുന്നതിലും സംസ്ഥാന ജീവനക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. എ.എ.പിയെ പ്രോത്സാഹിപ്പിക്കണമെന്നും കഴിഞ്ഞ 27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആം ആദ്മിയോടൊപ്പം ചേര്‍ന്ന് ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എ.എ.പിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയിലുള്ള അരിശമാണ് മോദിസര്‍ക്കാര്‍ തന്റെ പാര്‍ട്ടിയിലെ മന്ത്രിമാരെയും എം.എല്‍.എമാരെയും കള്ളക്കേസില്‍ കുടുക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട എ.എ.പി പ്രതിനിധികളുടെ ആദ്യ ദേശീയ സമ്മേളനം അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഗുജറാത്തിലെ എ.എ.പിക്ക് കവറേജ് നല്‍കരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ഹിരേന്‍ ജോഷി നിരവധി ടെലിവിഷന്‍ ചാനലുകളുടെ ഉടമകള്‍ക്കും എഡിറ്റര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസോ ഹിരേന്‍ ജോഷിയോ പ്രതികരിച്ചിട്ടില്ല.

Content Highlight: Arvind kejriwal says that he will bring back old scheme to gujarat

We use cookies to give you the best possible experience. Learn more