ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍ ജൂണ്‍ അഞ്ചിന് ജയിലില്‍ നിന്ന് മടങ്ങി വരുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയില്‍ എ.എ.പി കൗണ്‍സിലര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ്
കെജ്‌രിവാളിന്റെ പ്രസ്താവന.
മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാള്‍ കഴിഞ്ഞ ദിവസമാണ് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയാണ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിനാണ് അദ്ദേഹത്തിന്റെ ജാമ്യം അവസാനിക്കുന്നത്.
തിഹാര്‍ ജയിലില്‍ തന്നെ നിരീക്ഷിക്കാന്‍ സെല്ലില്‍ ഒരു സി.സി.ടി.വി ഉണ്ടായിരുന്നെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ കഴിയുന്ന തന്നെ നിരീക്ഷിക്കാന്‍ വേണ്ടി പ്രധാനമന്ത്രി ഇടപെട്ടാണ് ക്യാമറ സ്ഥാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്ക് തന്നോട് ഇത്ര പക വരാന്‍ കാരണമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ മാനസികമായി തകരുന്നത് കാണാനാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ ഒരിക്കലും തകരില്ല, എനിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്. ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങിയാലും ജൂണ്‍ നാലിന് ജയിലിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം കാണും,’ കെജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍ ജയിലില്‍ നിന്ന് മടങ്ങി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ മോദിയുടെ ഗ്യാരന്റിക്ക് ബദലായി ഞായറാഴ്ച കെജ്‌രിവാളിന്റെ ഗ്യാരന്റിയെന്ന പേരില്‍ പത്ത് പദ്ധതികള്‍ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ചൈന കയ്യടക്കിയ ഇന്ത്യയുടെ ഭൂമി തിരിച്ച് പിടിക്കുമെന്ന് ഉള്‍പ്പടെ യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്യേണ്ട പത്ത് പദ്ധതികളാണ് എ.എ.പി പ്രഖ്യാപിച്ചത്.
Content Highlight: Arvind Kejriwal says he’ll be back from jail on June 5 if INDIA bloc wins polls