ദല്‍ഹിയില്‍ 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍
national news
ദല്‍ഹിയില്‍ 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി സൗജന്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 12:28 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനം ദല്‍ഹിയാവുകയാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു. വി.ഐ.പികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കാമെങ്കില്‍ സാധാരണക്കാരന് എന്ത് നല്‍കിക്കൂടെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

സംസ്ഥാനത്തെ 33 ശതമാനം ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടായിട്ടില്ലെന്നും മറിച്ച് നാലു വര്‍ഷമായി നിരക്ക് കുറയ്ക്കുകയാണ് ചെയ്തതെന്നും കെജ്‌രിവാള്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവും കുറവ് ചാര്‍ജും മുഴുവന്‍ സമയം വൈദ്യുതി ലഭിയ്ക്കുന്നതുമായ സംസ്ഥാനം ദല്‍ഹിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.