ന്യൂദല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിക്കെതിരെ ഒത്തുകളിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഭാര്യയെപ്പോലെയാണെന്നും ഇരുവരും പരസ്പരം ‘ഐ ലവ് യു’ കളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
‘ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഭര്‍ത്താവ്-ഭാര്യ/സഹോദര-സഹോദരി ബന്ധമുണ്ട്. അമിത് ഷായുടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഗുജറാത്തില്‍ മത്സരം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമാണെന്നാണ്.
കോണ്‍ഗ്രസും ഇതുതന്നെയാണ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ബി.ജെ.പിയുടെ പോക്കറ്റിലാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.
27 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷം ഗുജറാത്തിലെ ജനങ്ങള്‍ ക്ഷീണിതരാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗദ്വിയും പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി പറഞ്ഞത്. ബി.ജെ.പി ഫണ്ട് നല്‍കും. ജയിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അവര്‍ക്ക് കടന്നുപോകാമെന്നാണ് ഡീലെന്നും ഗദ്വി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയല്ല, ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം.
ഗുജറാത്തിലെ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഇസുദന്‍ ഗദ്വിയെയാണ് കെജ്‌രിവാള്‍ ഗുജറാത്തിനെ നയിക്കാന്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി നടത്തിയ ‘ചൂസ് യുവര്‍ സി.എം’ ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള വോട്ടിങ്ങിലൂടെയാണ് ഗദ്വിയെ നിശ്ചയിച്ചത്.
വോട്ടെടുപ്പില്‍ പങ്കെടുത്ത 16 ലക്ഷം പേരില്‍ 73% ആളുകളും ഗദ്വിയുടെ പേര് നിര്‍ദേശിച്ചതായാണ് കെജ്‌രിവാള്‍ പറഞ്ഞത്.