ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ബി.ജെ.പി നിങ്ങളുടെ മക്കളെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്നതായിരിക്കും കാണേണ്ടി വരിക: ഗുജറാത്തിനോട് അരവിന്ദ് കെജ്‌രിവാള്‍
ന്യൂദല്‍ഹി: വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും അഴിമതിയുടേയും വ്യാജ മദ്യത്തിന്റേയും രാജാവായ ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ഛോട്ടാ ഉദേപൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിന് അടി പതറിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നിടത്ത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. ഇത്തവണ കോണ്‍ഗ്രസിന് ഒരു വോട്ടും ലഭിക്കരുത്. ഓരോ വോട്ടും എ.എ.പിക്ക് നല്‍കണം. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, ഇനിയും ചേരും. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നവര്‍ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിലേക്ക് പോകും, അതാണിപ്പോോള്‍ നടക്കുന്നതും,’ അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഗുജറാത്തില്‍ നടന്ന വ്യാജമദ്യ ദുരന്തത്തെയും അദ്ദേഹം പരാമര്‍ശിച്ചു. മദ്യ നിരോധന നിയമം ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു വ്യാജമദ്യ ദുരന്തമുണ്ടായത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ബി.ജെ.പി അവരുടെ മക്കളെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്നതായിരിക്കും കാണേണ്ടതെന്നും കെജരിവാള്‍ പറഞ്ഞു.
വ്യാജമദ്യം കഴിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഗ്രാമങ്ങള്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഗുജറാത്തില്‍ ഏറെക്കാലമായി വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി വിവേചനപരമായാണ് പെരുമാറുന്നത്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍, ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളും പഞ്ചായത്ത് ആക്ടും(പട്ടികയിലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) നടപ്പിലാക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
വീടില്ലാത്തവര്‍ക്ക് വീടു നിര്‍മിച്ച് നല്‍കുമെന്നും എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും, തൊഴിലില്ലാത്തവര്‍ക്ക് 3000രൂപ നല്‍കുമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തു.
Content Highlight: Arvind kejriwal said that gujaratis should not vote for a party which is bound with corruption