| Thursday, 1st December 2016, 8:34 am

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതി; പ്രധാനമന്ത്രിജി നിങ്ങളെന്തിനാണ് ഈ രാജ്യത്തെ മുഴുവന്‍ ചതിച്ചതെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങളുടെ പക്കല്‍ 100 കോടി രൂപയുടെ കള്ളപണം ഉണ്ടെങ്കില്‍, 50 കോടി സര്‍ക്കാറിനു കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ബാക്കി 50 കോടി നിങ്ങളുടെ അക്കൗണ്ടില്‍ വെള്ളപ്പണമായി മാറും. എന്ത് വലിയ ചതിയാണിതെന്ന് നോക്കൂ, അദ്ദേഹം പറഞ്ഞു.


ന്യൂദല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ വീണ്ടും അവസരം നല്‍കുന്ന കേന്ദ്രപദ്ധതിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി വഴി കള്ളപ്പണം വെളിപ്പെടുത്തുന്നവരുടെ പണത്തിന്റെ 50 ശതമാനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ബാക്കി തുക വെള്ളപ്പണമായി തിരിച്ച് നല്‍കുകയും ചെയ്യുന്നതിനെതിരെയാണ് ഫേസ്ബുക്ക് ലൈവിലൂടെ കെജ്‌രിവാള്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ നടപടിയിലൂടെ പ്രധാനമന്ത്രി സാധാരണക്കാരെ ചതിക്കുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ഇന്നലെ പ്രധാനമന്ത്രി 50-50 സ്‌കീം പ്രഖ്യാപിക്കുകയുണ്ടായി. അതായത് നിങ്ങളുടെ പക്കല്‍ 100 കോടി രൂപയുടെ കള്ളപണം ഉണ്ടെങ്കില്‍, 50 കോടി സര്‍ക്കാറിനു കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ബാക്കി 50 കോടി നിങ്ങളുടെ അക്കൗണ്ടില്‍ വെള്ളപ്പണമായി മാറും. എന്ത് വലിയ ചതിയാണിതെന്ന് നോക്കൂ, അദ്ദേഹം പറഞ്ഞു.

1947 മുതലുള്ള മൊത്തം കള്ളപ്പണവും പുറത്തുകൊണ്ട് വരും എന്നായിരുന്നു കഴിഞ്ഞ 20 ദിവസമായി സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരുന്നത്. ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍ ഈ കാര്യം പ്രധാനമന്ത്രി എടുത്ത് പറയുകയുമുണ്ടായി.

ബുദ്ധിമുട്ട് സഹിച്ച് ഇവിടെ ഇത്രയും ദിവസം ക്യൂവില്‍ നിന്നവരെല്ലാം സത്യസന്ധരായ ആളുകളായിരുന്നു. ഈ നോട്ട് നിരോധനം വലിയ ഒരു അഴിമതിയാണെന്ന് താന്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ക്ക് ആരും വില നല്‍കിയില്ല.

കുറച്ച് കഷ്ടപ്പാടുണ്ടാകും പക്ഷെ അത് രാജ്യനന്മയ്ക്കാണെന്ന് എന്നോട് പറഞ്ഞ ആളുകള്‍ ഉണ്ടായിരുന്നു. കള്ളപണം എല്ലാം പുറത്ത് വരും എന്ന് വിശ്വസിച്ചവര്‍. എന്നാല്‍ പുതിയ പദ്ധതിയറിഞ്ഞ് വലിയ ചതിപറ്റിയെന്ന് പറഞ്ഞ് ഇന്നലെ മുതല്‍ എനിക്ക് ഫോണുകള്‍ വന്ന് തുടങ്ങി. ഈ 50-50 സ്‌കീം പ്രഖ്യാപിക്കാന്‍ വേണ്ടിയായിരുന്നോ സാധാരണക്കാരായ ആളുകളെ ലൈനില്‍ നിര്‍ത്തിയതെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

അഴിമതിയിലൂടെ 50 കോടി ഉണ്ടാക്കിയ ഒരാള്‍ 25 കോടി സര്‍ക്കാരിനു നല്‍കും ബാക്കി 25 കോടി അയാളുടെ അക്കൗണ്ടില്‍ വെള്ളപ്പണമായി കൈമാറും. ഇങ്ങനെ അഴിമതി നിര്‍ത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഏതെങ്കിലും തീവ്രവാദിയുടെ കയ്യില്‍ 100 കോടിയുണ്ടെന്ന് കരുതുക. 50 കോടി സര്‍ക്കാരിനു കൊടുത്ത് ബാക്കി 50 കോടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വൈറ്റ് മണിയായി ഉപയോഗിക്കും. ഇങ്ങനെ തീവ്രവാദം നിര്‍ത്താന്‍ സാധിക്കുമോ?

മയക്കുമരുന്ന് വില്‍പനയിലൂടെ 100 കോടി സമ്പാദിച്ചയാള്‍ 50 കോടി സര്‍ക്കാരിനു കൊടുത്ത് ബാക്കി 50 കോടി വീണ്ടും മയക്കു മരുന്ന് ബിസിനസിനുപയോഗിക്കും. ഇങ്ങനെ മയക്ക് മരുന്നു നിര്‍ത്താന്‍ സാധിക്കുമോ? പ്രധാനമന്ത്രിജി നിങ്ങളെന്തിനാണ് ഈ രാജ്യത്തെമുഴുവന്‍ ചതിച്ചതെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു.

അസാധു നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വെളിപ്പെടുത്തല്‍ പദ്ധതി സംബന്ധിച്ചു കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെയാണ് കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താന്‍ അവസരമൊരുക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചു ചോദ്യങ്ങളുണ്ടാകില്ല. ഇങ്ങനെ വെളിപ്പെടുത്തുന്ന പണത്തിന്റെ 30 ശതമാനം നികുതി, 10 ശതമാനം പിഴ, 10 ശതമാനം ഗരീബ് കല്യാണ്‍ സെസ് എന്നിങ്ങനെ 50 ശതമാനം സര്‍ക്കാരിലേക്കു മുതല്‍കൂട്ടും.
ശേഷിക്കുന്ന തുകയുടെ പകുതി നിക്ഷേപകന് ആവശ്യമെങ്കില്‍ അപ്പോള്‍ത്തന്നെ തിരിച്ചുകിട്ടും.

ശേഷിക്കുന്ന തുക നാലു വര്‍ഷത്തേക്കു പിന്‍വലിക്കാന്‍ കഴിയില്ല. ഈ പണം ജലസേചനം, ശൗചാലയ നിര്‍മ്മാണം, അടിസ്ഥാനസൗകര്യ വികസനം, പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം തുടങ്ങിയ മേഖലകളില്‍ ദരിദ്രജനതയുടെ വികസനത്തിനായാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബില്ലില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more