| Saturday, 25th May 2024, 5:43 pm

നിങ്ങള്‍ ആദ്യം നിങ്ങളുടെ രാജ്യത്തെ നന്നാക്കൂ; തന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്ത പാകിസ്ഥാന്‍ നേതാവിനെതിരെ കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ നേതാവിനെതിരെ രൂക്ഷമായി പ്രതികരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. വോട്ട് ചെയ്തതിനു ശേഷം കുടുംബാംഗങ്ങളോടൊപ്പമുള്ള ഫോട്ടോ കെജ്‌രിവാൾ എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റാണ് ഫവാദ് ഹുസൈന്‍ ചൗധരി റീപോസ്റ്റ് ചെയ്തത്.

സമാധാനവും ഐക്യവും തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും ശക്തികളെ പരാജയപ്പെടുത്തട്ടെ എന്നായിരുന്നു കെജ്രിവാളിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്തു കൊണ്ട് ചൗധരി എക്‌സില്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ പ്രതികരണവുമായി കെജ്‌രിവാൾ രംഗത്തെത്തുകയായിരുന്നു.

ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ പൂര്‍ണമായും പ്രാപ്തരാണെന്നും പാകിസ്ഥാന്റെ സ്ഥിതിയാണ് മോശമെന്നും അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പരിപാലിക്കണമെന്നുമായിരുന്നു കെജ്‌രിവാൾ പറഞ്ഞത്.

‘എന്റെ അച്ഛനും ഭാര്യയും എന്റെ രണ്ട് മക്കളും വോട്ട് ചെയ്തു. അസുഖമുള്ളതിനാല്‍ അമ്മക്ക് വരാന്‍ കഴിഞ്ഞില്ല. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ഞാന്‍ വോട്ട് ചെയ്തത്,’ എന്നായിരുന്നു കെജ്‌രിവാളിന്റെ പോസ്റ്റ്.

തെരഞ്ഞെടുപ്പുകള്‍ തങ്ങളുടെ ആഭ്യന്തര കാര്യമാണ്, തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരുടെ ഇടപെടല്‍ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്‌രിവാൾ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.

കെജ്‌രി വാളിന്റെ ഈ പോസ്റ്റിന് ചൗധരി ഫവാദ് ഹുസൈന്‍ മറുപടി നല്‍കി. തീവ്രവാദം പാകിസ്ഥാനിലോ ഇന്ത്യയിലോ ബംഗ്ലാദേശിലോ ആകട്ടെ, അത് അതിരുകളില്ലാത്ത ഒന്നാണെന്നായിരുന്നു ചൗധരി പറഞ്ഞത്. വ്യക്തികള്‍ എവിടെയായിരുന്നാലും മെച്ചപ്പെട്ട സമൂഹത്തിനായി പരിശ്രമിക്കണമെന്നും ചൗധരി പറഞ്ഞു.

ഇതിനു മുമ്പും ചൗധരി ഫവാദ് ഹുസൈന്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവെച്ചത് ബി.ജെ.പി വിവാദമാക്കിയിരുന്നു. അതേസമയം അരവിന്ദ് കെജ്‌രിവാളിന് പാകിസ്ഥാനില്‍ നിന്ന് വലിയ പിന്തുണയുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല അരവിന്ദ് കെജ്‌രിവാളിനും പാകിസ്ഥാനില്‍ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് കിരണ്‍ റിജിജു വോട്ടര്‍മാരോട് പറഞ്ഞത്.

Content Highlight: Arvind Kejriwal’s ‘take care of your own country’ retort to Pak politician’s post

We use cookies to give you the best possible experience. Learn more