കെജ്‌രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്ന അപേക്ഷ തള്ളി സുപ്രീം കോടതി രജിസ്ട്രി
national news
കെജ്‌രിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്ന അപേക്ഷ തള്ളി സുപ്രീം കോടതി രജിസ്ട്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2024, 11:39 am

ന്യൂദല്‍ഹി: ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി തള്ളി സുപ്രീം കോടതി രജിസ്ട്രി. ഏഴ് ദിവത്തേക്ക് കൂടി കാലാവധി നീട്ടണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജാമ്യാപേക്ഷ അംഗീകരിക്കാനാവില്ലെന്ന് രജിസ്ട്രി ചൂണ്ടിക്കാട്ടി.

ഇടക്കാല ജാമ്യത്തിന്റെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിരിക്കെയാണ് കോടതിയുടെ തീരുമാനം. സ്ഥിരം ജാമ്യത്തിനായി കെജ്‌രിവാള്‍ വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി.

കാലാവധി നീട്ടുന്നതിനായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ സമീപിക്കണമെന്ന് രജിസ്ട്രി നിര്‍ദേശം നല്‍കുകയും ചെയ്തു.

ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് കെജ്‌രിവാൾ അപേക്ഷ നൽകിയത്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പി.ഇ.ടി-സി.ടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്നുമാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്.

പരിശോധന ഫലങ്ങള്‍ അനുസരിച്ച് കെജ്‌രിവാളിന്റെ ശരീരത്തിലെ കെറ്റോണ്‍ അളവ് ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇക്കാരണത്താലാണ് കോടതിയില്‍ അപേക്ഷ സമർപ്പിച്ചതെന്ന് ദൽഹി മന്ത്രി അതിഷി പറഞ്ഞിരുന്നു.

ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്ന ഉപാധിയോടെയാണ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് അംഗീകരിക്കാത്തതും സ്ഥിരം ജാമ്യത്തിനായി ഇതുവരെ വിചാരണ കോടതിയെ സമീപിക്കാത്തതുമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

Content Highlight: Arvind Kejriwal’s plea seeking extension of interim bail has been rejected by the Supreme Court