കനയ്യയോട് കെജ്രിവാള്‍ കാണിച്ച നീതികേട്
Opinion
കനയ്യയോട് കെജ്രിവാള്‍ കാണിച്ച നീതികേട്
കരണ്‍ ഥാപ്പര്‍
Monday, 9th March 2020, 11:13 am

മൊഴിമാറ്റം :കെ.എന്‍.കണ്ണാടിപ്പറമ്പ്

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിന് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പൊലീസിന് അനുമതി നല്‍കിക്കൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ എന്നെ അമ്പരപ്പിച്ചിരിക്കുന്നു.

മുമ്പ് കനയ്യയോട് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ച ആദരവിന് കടകവിരുദ്ധമാണിതെന്നു മാത്രമല്ല, ദേശദ്രോഹനിയമത്തിന്റെ യഥാര്‍ത്ഥ വശത്തെക്കുറിച്ച് തനിക്കുള്ള അജ്ഞത കൂടി ഇതുവഴി അദ്ദേഹം വെളിപ്പെടുത്തിയിരിക്കയാണ്.

സ്വന്തം തീരുമാനത്തിന് അദ്ദേഹം നല്‍കിയ വിശദീകരണം സൂചിപ്പിക്കുന്നത്, വിധി നടപ്പാക്കാനും തത്വാധിഷ്ഠിത നിലപാടെടുക്കാനും അറിയാത്ത ഒരു സര്‍ക്കാരാണ് അദ്ദേഹത്തിന്റേത് എന്നാണ്.

2016 ഫെബ്രുവരിയില്‍ ”പൊളിച്ചടുക്കും ഭാരതത്തെ, ഇന്‍ഷാ അല്ലാ, ഇന്‍ഷാ അല്ലാ” (ഭാരത് തേരെ തോടേംഗെ, ഇന്‍ശാഅല്ലാ ഇന്‍ശാഅല്ലാ ) എന്ന് കനയ്യകുമാര്‍ മുദ്രാവാക്യം മുഴക്കിയെന്നും അക്കാരണത്തല്‍ തന്നെ, കനയ്യ കുമാറിന്റെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടതാണെന്നുമാണ് വാദം.

യഥാര്‍ത്ഥത്തില്‍ ഈ ആരോപണം കനയ്യ കുമാര്‍ നിഷേധിച്ചു കഴിഞ്ഞതാണ്. ഇനി വാദത്തിന് വേണ്ടി, അദ്ദേഹം അങ്ങനെ ചെയ്തുവെന്ന് തന്നെ കരുതുക. ചോദ്യം ഇതാണ്- അത് രാജ്യദ്രോഹക്കുറ്റമാകുമോ?

1995 കാലത്തേക്ക് തിരിഞ്ഞു നോക്കിയാല്‍ ബല്‍വന്ത് സിംഗ് കേസില്‍ ”ഖലിസ്ഥാന്‍ സിന്ദാബാദ്” എന്ന് മുദ്രാവാക്യം മുഴക്കിയത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചതായിക്കാണാം. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അന്നേ ദിവസം പോലും ഈ മുദ്രാവാക്യം മുഴങ്ങിയെന്നത് ശ്രദ്ധേയമാണ്.

സുപ്രീംകോടതിയുടെ വിധി കിറുകൃത്യമായിരുന്നു: ”ഒരാളില്‍ നിന്നും പ്രത്യേകിച്ചൊരു പ്രതികരണവും ഉണ്ടായിട്ടില്ലായെങ്കില്‍, ചില മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന ഒറ്റക്കാരണത്താല്‍ സെക്ഷന്‍ 124 എ യിലെ വ്യവസ്ഥകളൊന്നും തന്നെ ഒരാളുടെ പേരില്‍ ചുമത്താന്‍ പാടില്ല.”

കോടതി ഇതുകൂടി കൂട്ടിച്ചേര്‍ത്തു: ”മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കാരണം പറഞ്ഞ് ആളുകളെ അറസ്റ്റുചെയ്യുന്നതില്‍ പക്വതക്കുറവും കഠിനമായ അലംഭാവവുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നത്.

ഈ മുദ്രാവാക്യങ്ങള്‍ വ്യവസ്ഥാപിത നിയമപ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന് ഒരു ഭീഷണിയേയല്ല. വിവിധ സമുദായങ്ങളിലക്കിടയിലോ മതവിഭാഗങ്ങള്‍ക്കിടയിലോ മറ്റ് ഗ്രൂപ്പുകള്‍ക്കിടയിലോ ഇത് ഏതെങ്കിലും തരത്തില്‍ ശത്രുതയോ വിദ്വേഷമോ സൃഷ്ടിക്കുന്നുമില്ല.. ‘ ഇന്നോളം സുപ്രീം കോടതി തുടര്‍ന്നു വരുന്ന നിലപാട് ഇതു തന്നെയാണ്.

ഇത് തിരിച്ചറിഞ്ഞ ദല്‍ഹി സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സെലായ രാഹുല്‍ മെഹ്‌റ, വിചാരണാനുമതി നല്‍കുന്നതിനെതിരെ കെജ്രിവാളിന് ഉപദേശം നല്‍കി. പൊലീസ് കേസ് ”ദുര്‍ബലവും”, ”പഴുതുകള്‍” നിറഞ്ഞതുമാണെന്നും ”ഭരണകൂടത്തിനെതിരായ കുല്‍സിത പ്രവൃത്തിയായി ഇതിനെ കാണാനാവില്ല’ എന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രാജ്യദ്രോഹ നിയമത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് കെജ്രിവാളിന് വേണ്ടത്ര പിടിപാടില്ല എന്നു വേണം കരുതാന്‍. എന്തെന്നാല്‍ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണ്, അഭിഭാഷകനല്ല. അതുകൊണ്ടാണല്ലോ അദ്ദേഹം തനിക്ക് നിയമോപദേഷ്ടാക്കളെ വെച്ചിട്ടുള്ളത്.

സ്വന്തം സര്‍ക്കാറിന്റെ നിയമോപദേശകന്റെ ഉപദേശം സ്വീകരിക്കുന്നതിനുപകരം അതവഗണിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. വിയോജിപ്പിന്റെ പേരിലല്ല , മറിച്ച് മറ്റു ചില താത്പര്യങ്ങളാലാണ് അദ്ദേഹം ഈ തീരുമാനമെടുത്തത് . ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ചദ്ദ നല്‍കിയ വിശദീകരണം, ‘ തത്വങ്ങളുടെയും നയസമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതുപോലുള്ള കേസുകളിലൊന്നും ഗവണ്മെന്റ് കൈകടത്തില്ല”എന്നാണ്.

ഇത് തീര്‍ത്തും വിചിത്രമാണ്. പ്രോസിക്യൂഷന് അനുമതി നല്‍കാനോ നിരസിക്കാനോ സര്‍ക്കാരിന് അധികാരമുള്ള സ്ഥിതിക്ക്, അക്കാര്യം നേരാംവണ്ണം ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അങ്ങനെയെങ്കില്‍, ”നയത്തിന്റെയും തത്വങ്ങളുടെയും ‘ പേരുപറഞ്ഞ് എങ്ങനെയാണിവര്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവുക? എന്തുകൊണ്ട് ആലോചനാപൂര്‍വമായ ഒരു തീരുമാനത്തില്‍ ഇവര്‍ എത്തിച്ചേരുന്നില്ല? തീര്‍ച്ചയായും അത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലാതെ മറ്റെന്താണ്.?

ഈ സന്ദര്‍ഭത്തില്‍, കാര്യങ്ങള്‍ കൂടുതല്‍ വഷളായതായാണ് കാണാനാവുന്നത്. തങ്ങളുടേതായ ഒരു വിധിതീര്‍പ്പ് കൈക്കൊള്ളാന്‍ വിസമ്മതിച്ചതിലൂടെ കെജ്രിവാള്‍ സര്‍ക്കാര്‍ കനയ്യ കുമാറിനെ അനാവശ്യ പ്രോസിക്യൂഷന് വിധേയമാക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍, ഇത് ഏറ്റവും വലിയ നീതികേടാണ്. കുറച്ചു കൂടി തെളിച്ചു പറഞ്ഞാല്‍, കനയ്യ കുമാറിന്റെ ചിലവില്‍ ദേശീയതലത്തില്‍ താന്‍ നേടിയെടുത്ത വിശ്വാസ്യതയെ ചുട്ടു ചാമ്പലാക്കുകയാണ് കെജ്രിവാള്‍ ചെയ്തത്.

കുറ്റാരോപിതമായ മുദ്രാവാക്യം മുഴക്കിയതായി പറയുന്നതിന്റെ മൂന്നാഴ്ച കഴിഞ്ഞു 2016 മാര്‍ച്ച് 3 ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കനയ്യ കുമാര്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെ സംബന്ധിച്ചു കെജ്രിവാള്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു.

അദ്ദേഹം ട്വീറ്റ് ചെയ്തു ”കനയ്യയുടെ പ്രസംഗം പലതവണ കേട്ടു. തന്റെ ചിന്തകളെ അദ്ദേഹം അതിശയകരമായ വ്യക്തതയോടെ പൊതുജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളുടെയും വികാരവിചാരങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’

രാഘവ് ചദ്ദയുടെ അഭിപ്രായവും സമാന സ്വഭാവമുള്ളതായിരുന്നു: ”കനയ്യ നടത്തിയ പ്രസംഗം അമ്പരപ്പിക്കുന്നതായിരുന്നു.. ‘ ഇന്ന്, അവരിലൊരാള്‍ കനയ്യയെ നരകത്തിലേക്കും മറ്റെയാള്‍ അദ്ദേഹത്തെ ദൈവത്തിന്റെ കാരുണ്യത്തിനും( ഒരുപക്ഷേ ജുഡീഷ്യറിയുടെ കാരുണ്യത്തിന്) വിട്ടുകൊടുത്തതായി തോന്നുന്നു. അതാണെന്റെ ഏറ്റവും വലിയ ആശങ്കയും.

കെജ്രിവാളിനെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് ഞാന്‍ വോട്ട് ചെയ്തിട്ടില്ല, കാരണം നിയമാനുസൃതമായ അധികാരം പ്രയോഗിക്കാന്‍ അദേഹത്തിന് ശക്തിയില്ല, നിയമം അറിയുന്നവരുടെ ഉപദേശം സ്വീകരിക്കാനുള്ള വിവേകവുമില്ല. പകരം, ജനപ്രീതി നിലനിര്‍ത്താന്‍ തക്ക തീരുമാനങ്ങള്‍ കൈക്കൊള്ളുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

 

കടപ്പാട് : ഹിന്ദുസ്ഥാന്‍ ടൈംസ്

കരണ്‍ ഥാപ്പര്‍
മാധ്യമപ്രവര്‍ത്തകന്‍