രാജ്യം ഭരിക്കുന്നത് ദേശവിരുദ്ധര്‍, എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടി; കെജ്‌രിവാള്‍ ജയില്‍ മോചിതനായി
national news
രാജ്യം ഭരിക്കുന്നത് ദേശവിരുദ്ധര്‍, എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടി; കെജ്‌രിവാള്‍ ജയില്‍ മോചിതനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2024, 7:23 pm

ന്യൂദല്‍ഹി: ജയില്‍വാസം തന്റെ ധൈര്യവും ശക്തിയും 100 മടങ്ങ് വര്‍ദ്ധിക്കാന്‍ കാരണമായെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം ജയിലിന് പുറത്തിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിലിട്ട് തന്നെ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും എന്നാല്‍ തന്റെ മനോവീര്യം മുമ്പത്തേക്കാള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിനായി സമര്‍പ്പിക്കുമെന്നും ജയിലുകള്‍ക്ക് തന്നെ തളര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആദ്യമായി ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഈ കനത്ത മഴയിലും ഇവിടെയെത്തിയ ലക്ഷണക്കിന് ആളുകള്‍ക്കും നന്ദി പറയുന്നു. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കും. ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ദൈവം എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു.

എന്റെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ എന്നെ ജയിലിടച്ചത്. പക്ഷെ, എന്റെ മനോവീര്യം എന്നത്തേക്കാളും അധികം വര്‍ദ്ധിച്ചു. ജയിലുകള്‍ക്ക് എന്നെ തളര്‍ത്താനാകില്ല. ജയിലിടച്ചപ്പോള്‍ അവര്‍ കരുതിയത് എക്കാലത്തും എന്നെ അകത്ത് നിര്‍ത്താമെന്നാണ്. എന്നാല്‍ ഞാനിപ്പോള്‍ ജയിലിന് പുറത്ത് വന്നിരിക്കുന്നു.

എന്റെ മനോവീര്യവും ധൈര്യവും 100 മടങ്ങ് വര്‍ദ്ധിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ ഞാന്‍ പോരാടും. അവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്,’ കെജ്‌രിവാള്‍ പറഞ്ഞു.

സുപ്രീംകോടതി ജാമ്യം നല്‍കിയതിന് ശേഷം വെള്ളിയാഴ്ച വൈകീട്ടാണ് അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിന് പുറത്തിറങ്ങിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ കാത്ത് ജയിലിന് പുറത്തുണ്ടായിരുന്നത്. കനത്ത മഴയിലും പ്രവര്‍ത്തകര്‍ കെജ്‌രിവാളിന് വേണ്ടി മുദ്രാവാക്യം വിളിച്ച് ജയിലിന് പുറത്തുണ്ടായിരുന്നു. മഴയെ അവഗണിച്ച് കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

വെള്ളിയാഴ്ചയാണ് മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. ഇതോടെ ഇ.ഡി കേസിന് പിന്നാലെ സി.ബി.ഐ കേസിലും കെജ്രിവാളിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് അരവിന്ദ്കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

ദല്‍ഹി മദ്യനയക്കേസില്‍ ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്രിവാള്‍ തന്റെ അറസ്റ്റും ജാമ്യവും സംബന്ധിച്ച് നല്‍കിയ ഹരജിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

CONTENT HIGHLIGHTS; Arvind Kejriwal’s first reaction after being released from jail