| Sunday, 12th May 2024, 4:05 pm

മോദിയുടെ ഗ്യാരന്റി ഊതി വീര്‍പ്പിച്ച കുമിള; ബി.ജെ.പിയുടെ ഗ്യാരന്റിക്ക് ബദലുമായി എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിയുടെ ഗ്യാരന്റിക്ക് ബദലുമായി ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാളിന്റെ പത്ത് ഗ്യാരന്റികളെന്ന പേരില്‍ പുതിയ പദ്ധതിക്കും എ.എ.പി തുടക്കം കുറിച്ചു.

കെജ്‌രിവാള്‍ ഗ്യാരന്റി ഒരു ബ്രാന്റാണെന്നും മോദിയുടെത് ഊതി വീര്‍പ്പിച്ച കുമിള ആണെന്നും എ.എ.പി ആരോപിച്ചു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് എ.എ.പിയുടെ പത്ത് പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഇടക്കാല ജാമ്യം നല്‍കിയുള്ള സുപ്രീം കോടതി വിധി വലിയ അത്ഭുതമാണെന്നും കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും എം.എല്‍.എമാര്‍ ഒത്തൊരുമിച്ച് നിന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ദല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായതിന് ശേഷം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ചിരുന്നു.

75 വയസ് പിന്നിട്ടാല്‍ മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിന്‍മാറുമോയെന്ന് കെജ്‌രിവാള്‍ ചോദിച്ചിരുന്നു. അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങളില്‍ മറുപടിയുമായി അമിത് ഷായും രംഗത്തെത്തി. മോദി കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് അമിത് ഷാ പ്രതികരിച്ചത്. ജൂണ്‍ ഒന്നിന് ഇടക്കാല ജാമ്യം അവസാനിക്കുന്നത് വരെ മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിക്കുക എന്നത് തന്നെയാണ് കെജ്‌രിവാളും എ.എ.പിയും തീരുമാനിച്ചിരിക്കുന്നത്.

Content Highlight: Arvind Kejriwal’s 10 guarantees: Free electricity, reclaim land from China

We use cookies to give you the best possible experience. Learn more