ന്യൂദല്‍ഹി: ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ് ബി.ജെ.പി വീമ്പിളക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി ഇതേവാഗ്ധാനം നല്‍കിയിരുന്നുവെന്നും അത് നടപ്പിലാക്കിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
‘ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബി.ജെ.പി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഇപ്പോള്‍ വീണ്ടും ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പക്ഷേ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകും,’ കെജ്‌രിവാള്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഭരണഘടനയുടെ 44ാം അനുച്ഛേദം അതിന് അനുവദിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അധികാരത്തിലുള്ള മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇത് നടപ്പിലാക്കാന്‍ ബി.ജെ.പി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും കെജ്‌രിവാള്‍ ചോദിച്ചു.
ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ മൂന്ന് മുതല്‍ നാല് വരെ അംഗങ്ങളു
ണ്ടാകും. ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘ്വി പറഞ്ഞു.