കോണ്‍ഗ്രസ് -എ.എ.പി സഖ്യചര്‍ച്ച പരാജയപ്പെടാന്‍ കാരണം രാഹുല്‍ഗാന്ധി; കേരളത്തില്‍ ഇടതുപക്ഷത്തെയടക്കം രാഹുല്‍ നേരിട്ട് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു: അരവിന്ദ് കെജ്രിവാള്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രതിപക്ഷ ശക്തികളെ നേരിട്ട് ഇല്ലായ്മ ചെയ്യാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയേയും ഉത്തര്‍ പ്രദേശില്‍ എസ്.പി -ബി.എസ്.പി സഖ്യത്തെയും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനേയും കേരളത്തില്‍ ഇടതുപക്ഷത്തെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.
ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം രാഹുല്‍ഗാന്ധിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നലകിയ പ്രത്യേക അഭിമുഖത്തിലാണ് കെജ്‌രിവാള്‍ രാഹുലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുക്കുന്നത്.
‘പൊതു ഇടങ്ങളില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണം എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി അഭിനയിക്കുകയായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല.’ കെജ് രിവാള്‍ പറഞ്ഞു.
മുന്‍പ് രാഹുല്‍ ഗാന്ധി ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റ് നല്‍കാം എന്ന് ട്വീറ്റ് ചെയ്തിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് പ്രത്യേക അര്‍ത്ഥമൊന്നുമില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.
‘രാഷ്ട്രീയ ചരിത്രത്തില്‍ ട്വിറ്ററിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയതായി എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? പൊതു ഇടങ്ങളില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കണം എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി അഭിനയിക്കുകയായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഞങ്ങളുമായി കൈകോര്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.’ കെജ്‌രിവാള്‍ പറഞ്ഞു.
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കാരണക്കാരന്‍ കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.
ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആംആദ്മി പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പിന്മാറിയിരുന്നു.കോണ്‍ഗ്രസ് സഖ്യത്തിനായി കാത്തിരുന്ന് വെറുതെ സമയം പാഴാക്കിയെന്ന് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.