| Friday, 15th November 2019, 8:23 pm

അനൗദ്യോഗിക കോളനികളിലെ സെപ്റ്റിക് ടാങ്കുകള്‍ സൗജന്യമായി ശുദ്ധിയാക്കുന്ന പദ്ധതിയുമായി ദല്‍ഹി സര്‍ക്കാര്‍; 45 ലക്ഷം ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ അനൗദ്യോഗിക കോളനികളിലെയും ഗ്രാമങ്ങളിലെയും വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ സൗജന്യമായി ശുദ്ധീകരിക്കുന്ന പദ്ധതി ദല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഏതാണ്ട് 45 ലക്ഷത്തോളം പേര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ദല്‍ഹിയില്‍ 1800ഓളം അനൗദ്യോഗിക കോളനികളാണുള്ളത്. വലിയ തുക നല്‍കിയാണ് ഇവിടത്തെ മനുഷ്യര്‍ തങ്ങളുടെ സെപ്റ്റിക് ടാങ്ക് ശുദ്ധിയാക്കാന്‍ നല്‍കുന്നത്.

ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിക്കാതെ സെപ്റ്റിക് ടാങ്കുകള്‍ ശുദ്ധീകരിക്കാനിറങ്ങിയ നിരവധി മനുഷ്യരാണ് പലതവണയായി മരണമടഞ്ഞിട്ടുള്ളതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഈ കോണ്‍ട്രാക്ടര്‍മാര്‍ക്കോ സ്വകാര്യ വ്യക്തികള്‍ക്കോ ലൈസന്‍സില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ മാലിന്യം യമുന നദിയിലോ മറ്റോ ആണ് ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി ജല്‍ ബോര്‍ഡാണ് പദ്ധതിയുടെ ഉത്തരവാദിത്വം. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഏജന്‍സിയെ കണ്ടെത്താന്‍ ടെണ്ടര്‍ വിളിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more