ന്യൂദല്‍ഹി: സംസ്ഥാനത്തെ അനൗദ്യോഗിക കോളനികളിലെയും ഗ്രാമങ്ങളിലെയും വീടുകളിലെ സെപ്റ്റിക് ടാങ്കുകള്‍ സൗജന്യമായി ശുദ്ധീകരിക്കുന്ന പദ്ധതി ദല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഏതാണ്ട് 45 ലക്ഷത്തോളം പേര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ദല്‍ഹിയില്‍ 1800ഓളം അനൗദ്യോഗിക കോളനികളാണുള്ളത്. വലിയ തുക നല്‍കിയാണ് ഇവിടത്തെ മനുഷ്യര്‍ തങ്ങളുടെ സെപ്റ്റിക് ടാങ്ക് ശുദ്ധിയാക്കാന്‍ നല്‍കുന്നത്.
ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിക്കാതെ സെപ്റ്റിക് ടാങ്കുകള്‍ ശുദ്ധീകരിക്കാനിറങ്ങിയ നിരവധി മനുഷ്യരാണ് പലതവണയായി മരണമടഞ്ഞിട്ടുള്ളതെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഈ കോണ്‍ട്രാക്ടര്‍മാര്‍ക്കോ സ്വകാര്യ വ്യക്തികള്‍ക്കോ ലൈസന്‍സില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ മാലിന്യം യമുന നദിയിലോ മറ്റോ ആണ് ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.