| Thursday, 27th June 2024, 11:22 am

'സിസോദിയയെക്കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല'; മദ്യനയക്കേസിൽ സി.ബി.ഐയുടെ ആരോപണം നിഷേധിച്ച് കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ കുറ്റപ്പെടുത്തിയെന്ന സി.ബി.ഐയുടെ ആരോപണം നിഷേധിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദല്‍ഹി മുഖ്യമന്ത്രിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹി കോടതിയില്‍ നടന്ന വിചാരണയിലാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യനയക്കേസിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കെജ്‌രിവാൾ മനീഷ് സിസോദിയയുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. തങ്ങളുടെ പക്കലുള്ള തെളിവുകള്‍ ഉപയോഗിച്ച് കെജ്‌രിവാളിന്റെ നേരിടേണ്ടതുണ്ട്. കുറ്റസമ്മതം നടത്താന്‍ അദ്ദേഹത്തെ തങ്ങള്‍ നിര്‍ബന്ധിക്കുന്നില്ലെന്നുമാണ് സി.ബി.ഐ പറഞ്ഞത്. കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ വില കളഞ്ഞുവെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ആരോപിച്ചു.

എന്നാല്‍ സി.ബി.ഐയുടെ ഈ ആരോപണങ്ങള്‍ കെജ്‌രിവാള്‍ നിഷേധിക്കുകയായിരുന്നു. മനീഷ് സിസോദിയ നിരപരാധിയാണ്. ആം ആദ്മി പാര്‍ട്ടിയും താനും ഈ കേസില്‍ നിരപരാധികളാണ്. മാധ്യമങ്ങളിലൂടെ സി.ബി.ഐ തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. സി.ബി.ഐ ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ എല്ലാം തെറ്റാണെന്നും കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു.

ബുധനാഴ്ച മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതി കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയായിരുന്നു സി.ബി.ഐയുടെ അറസ്റ്റ്.

സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കെജ്‌രിവാള്‍ പിന്‍വലിച്ചിരുന്നു. സി.ബി.ഐ കേസ് കൂടി ഉള്‍പ്പെടുത്തി പുതിയ ഹരജി സമര്‍പ്പിക്കുമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വ്യക്തമാക്കിയിരുന്നു. പുതിയ ഹരജി സമര്‍പ്പിക്കാന്‍ കെജ്‌രിവാളിന് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു.

കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചൊവ്വാഴ്ചയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Content Highlight: Arvind Kejriwal on denied the CBI’s allegation that he blamed his jailed party colleague Manish Sisodia in the liquor policy case

Latest Stories

We use cookies to give you the best possible experience. Learn more