|

'മതത്തെക്കാള്‍ വലുതാണ് മനുഷ്യ ജീവന്‍'; തബ് ലീഗ് ജമാ അത്ത് സമ്മേളനം ഗുരുതരമായ ലംഘനമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിസാമുദ്ദീനില്‍ സംഭവിച്ചത് തീര്‍ത്തും നിരുത്തരവാദപരമായ ഒന്നാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.  കൊവിഡ് വൈറസ് മൂലം ലോകമെമ്പാടുമുള്ള ആളുകള്‍ മരിക്കുകയും മതസ്ഥലങ്ങളെല്ലാം വിജനമാവുകയും ചെയ്യുന്ന സമയത്താണ് ഗുരുതരമായ ലംഘനം നടത്തി തബ് ലീഗ് ജമാ അത്ത് സമ്മേളനം നടന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘ തീര്‍ത്തും നിരുത്തരവാദപരമായ സംഭമാണ് നടന്നത്. ലോകമെമ്പാടും ആളുകള്‍ മരിക്കുക്കുകയും എല്ലാ മതസ്ഥലങ്ങളും വിജനമാവുകയും ചെയ്യുമ്പോഴാണ് അവര്‍ ഇത്തരം ഗുരുതരമായ ലംഘനം നടത്തിയത്” കെജ്‌രിവാള്‍ പറഞ്ഞു.

നിസാമുദ്ദിനില്‍ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദിന്‍ കൊവിഡ് 19 ന്റെ ഹോട്ട്‌സ്‌പോട്ട് ആയിട്ടുണ്ട്.

24 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ഇനിയും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

” ഞാന്‍ മത നേതാക്കളോട് അപോക്ഷിക്കുകയാണ്, ഒരാളുടെ മതം അത് ഏതുമാകട്ടെ, പക്ഷേ അതിനെക്കാള്‍ വലുതാണ് ഒരു മനുഷ്യന്റെ ജീവന്‍” അദ്ദേഹം പറഞ്ഞു.

പള്ളി അധികാരികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മതസമ്മേളനത്തില്‍ പങ്കെടുത്ത ആള്‍ക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളിലണ് മറ്റു സംസ്ഥാനങ്ങള്‍.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ക്വാലാലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

അതിന് ശേഷം നിസാമുദ്ദീനിലേക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്വാലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്.

ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിന് ശേഷവും ആയിരത്തിനാനൂറോളം ആളുകള്‍ ജമാഅത്തിന്റെ ‘മര്‍ക്കസില്‍’ താമസിച്ചിരുന്നു.

മാര്‍ച്ച് 16 ന് ദല്‍ഹിയില്‍ 50 ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിനിടെ സമ്മേളനത്തില്‍ പങ്കെടുത്ത കുറച്ചുപേര്‍ ദല്‍ഹി വിടുകയും പിന്നെയും കുറച്ച് പേര്‍ അവിടെ തന്നെ തുടരുകയും ചെയ്തു.

മാര്‍ച്ച് 22 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ. അന്ന് ഗതാഗതം നിലച്ചതോടെ മാര്‍ച്ച് 23 ന് 1500 ഓളം പേര്‍ മര്‍കസില്‍ നിന്നും പോയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നാലെയാണ് മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ