ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്ക് ക്ഷണം. ഫെബ്രുവരി 16 ന് രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അപേക്ഷിച്ച് ദല്‍ഹി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് ദല്‍ഹി സര്‍ക്കാര്‍ സ്‌ക്കൂള്‍ പ്രില്‍സിപ്പല്‍മാര്‍ക്ക് കത്തയച്ചു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, 20 അധ്യാപകര്‍, അധ്യാപക വികസന കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ക്ഷണം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് കെജ്‌രിവാളിനെ വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയായി നിയമിച്ചത്.
മത്സരിച്ച 70 മണ്ഡലങ്ങളില്‍ 62-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രിസഭയായിരിക്കും കെജ്രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്‍കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ദല്‍ഹിയിലെ ജനങ്ങളെ മാത്രമേ ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ പാര്‍ട്ടി നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആം ആദ്മി മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് നേരത്തെ പറഞ്ഞിരുന്നു.