ന്യൂദൽഹി: ദൽഹി മദ്യനയ കേസിലെ സി.ബി.ഐ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഹരജി നേരത്തെ ദൽഹി ഹൈക്കോടതി തള്ളുകയും വിചാരണക്കോടതിയിൽ നിന്ന് ജാമ്യം നേടാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് നിലവിൽ സുപ്രീം കോടതിയിൽ കെജ്‌രിവാൾ സമർപ്പിച്ചിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അടിയന്തര ലിസ്റ്റിങ്ങിനായി ചീഫ് ജസ്റ്റിസ് മുമ്പാകെ ഇന്ന് വിഷയം പരാമർശിച്ചിട്ടുണ്ട്. ഇമെയിൽ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലിരിക്കെ 2024 ജൂൺ 26ന് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഴ്ചകൾക്ക് ശേഷം ജൂലൈ 12ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു . എന്നാൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനാൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയായിരുന്നു.
സി.ബി.ഐ അറസ്റ്റിനെ ചോദ്യം ചെയ്തും ജാമ്യം തേടിയും കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മദ്യകുംഭകോണത്തിന്റെ സൂത്രധാരൻ കെജ്‌രിവാളാണെന്നും പുറത്തിറങ്ങിയാൽ അദ്ദേഹം അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അവകാശപ്പെട്ട് കോടതി അദ്ദേഹത്തിൻ്റെ ഹരജി തള്ളുകയായിരുന്നു. ഓഗസ്റ്റ് 5ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയായിരുന്നു അദ്ദേഹത്തിന്റെ ഹരജി തള്ളിയത്.
ഒപ്പം ജാമ്യത്തിൻ്റെ കാര്യത്തിൽ വിചാരണ കോടതിയെ സമീപിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. അഡ്വക്കേറ്റ് വിവേക് ജെയിൻ, മനു സിങ്‌വി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കെജ്‌രിവാളിന് വേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് ഡോ. മനു സിങ്‌വി സി.ബി.ഐ അറസ്റ്റിനെ ‘ഇൻഷുറൻസ് അറസ്റ്റ്’ എന്ന് വിളിച്ച് പ്രതിഷേധിച്ചിരുന്നു.
Content Highlight: Arvind Kejriwal moves Supreme Court against order refusing to dismiss CBI arrest