ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാരിനെതിരെ അഴിമതിയാരോപണവുമായി ബി.ജെ.പി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചേര്‍ന്ന് സ്‌കൂള്‍ നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന് ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ആരോപിച്ചു.
892 കോടി രൂപയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട ക്ലാസ്മുറികള്‍ക്കായി സര്‍ക്കാര്‍ 2000 കോടി രൂപ കൂടുതലായി ചെലവാക്കിയെന്നും ഇതില്‍ അഴിമതിയുണ്ടെന്നം എം.പി കൂടിയായ മനോജ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വിവരാവകാശം നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നാണ് ദല്‍ഹി സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ച് അറിഞ്ഞതെന്നും മനോജ് തിവാരി പറഞ്ഞു.
‘24.86 ലക്ഷം രൂപയ്ക്കാണ് 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്ലാസ് മുറി സര്‍ക്കാര്‍ നിര്‍മ്മിച്ചത്. 12,782 ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ ചെലവഴിച്ചത് 2,892 കോടി രൂപയാണ്. ഇത് 892 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാവുന്നതായിരുന്നു. ഇതില്‍ 2000 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്’-മനോജ് തിവാരി ആരോപിച്ചു.
സ്‌കൂള്‍നിര്‍മ്മാണത്തിനായി കരാര്‍ ഏറ്റെടുത്ത 34 കോണ്‍ട്രാക്ടര്‍മാരില്‍ പലരും കെജ്‌രിവാളിന്റെയും സിസോദിയയുടെയും സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും മനോജ് തിവാരി ആരോപിച്ചു.
അഴിമതി നടന്നതിന്റെ തെളിവുകള്‍ ബി.ജെ.പിയുടെ പക്കലുണ്ടെന്നും അത് ലോക്പാലിന് കൈമാറുമെന്നും തിവാരി പറഞ്ഞു.