| Saturday, 29th October 2022, 2:12 pm

മോദിയുടെ തട്ടകം പിടിക്കാന്‍ 'ചൂസ് യുവര്‍ സി.എം' ക്യാമ്പെയ്‌നുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ തട്ടകം പിടിച്ചടക്കാന്‍ പുത്തന്‍ ക്യാമ്പെയ്‌നുമായ് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി ക്രൗഡ് സോഴ്‌സിംഗ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്.

‘ചൂസ് യുവര്‍ സി.എം’ എന്ന ക്യാമ്പെയ്‌നിലൂടെ ജനങ്ങള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാം. ഗുജറാത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനഹിതത്തിലൂടെ കണ്ടെത്താനാണ് പാര്‍ട്ടിയുടെ പദ്ധതി. നേരത്തെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമായിരുന്നു എ.എ.പി പരീക്ഷിച്ചത്.

‘വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോള്‍ പൊതു ജനങ്ങളോട് ചോദിച്ചില്ല. ദല്‍ഹിയില്‍ നിന്നായിരുന്നു തീരുമാനം. ജനാധിപത്യത്തില്‍ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത്. 2016ല്‍ ബി.ജെ.പി ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. പഞ്ചാബില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങള്‍ ജനങ്ങളോടാണ് ചോദിച്ചത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാനെ തീരുമാനിച്ചു,’ കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ജനങ്ങള്‍ക്ക് മാറ്റം വേണം. പണപ്പെരുപ്പത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ആശ്വാസം വേണം. ഒരു വര്‍ഷം മുമ്പ് ബി.ജെ.പി മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണിയായിരുന്നു മുഖ്യമന്ത്രി. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നു? ഇതിനര്‍ത്ഥം വിജയ് രൂപാണിക്ക് എന്തോ കുഴപ്പമുണ്ടെന്നാണോ?,’ കെജ്‌രിവാള്‍ ചോദിച്ചു.

എസ്.എം.എസ്, വാട്‌സ്ആപ്പ്, ഇ-മെയില്‍, വോയിസ് മെസേജ് എന്നീ മാര്‍ഗങ്ങളിലൂടെയാണ് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനാവുക. ഇതിനായി 6357000360 എന്ന നമ്പറും aapnocm@gmail.com എന്ന ഇ മെയില്‍ ഐഡിയും സജ്ജമാക്കിയിട്ടുണ്ട്. നവംബര്‍ മൂന്നിനു വൈകുന്നേരം അഞ്ചുമണി വരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. പിറ്റേദിവസം തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് റാലികള്‍ സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചുമാണ് കെജ്‌രിവാള്‍ ഗുജറാത്ത് പിടിക്കാന്‍ പ്രചാരണം നടത്തുന്നത്.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനമായിരിക്കും നടക്കുക. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlight: Arvind Kejriwal launches AAP’s ‘Choose your Chief Minister’ campaign for Gujarat election

We use cookies to give you the best possible experience. Learn more