| Wednesday, 19th September 2012, 10:08 am

ഹസാരെ ടീമില്‍ ഭിന്നിപ്പ്; രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ഹസാരെയുടെ പിന്തുണയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടീം അണ്ണാ ഹസാരെയുടെ ഭിന്നിപ്പ് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കത്തില്‍ അണ്ണാ ഹസാരെയ്ക്ക് താത്പര്യമില്ലെന്നാണ് അറിയുന്നത്.

തന്റെ ജീവിതം സാമൂഹ്യ സേവനത്തിനായി മാറ്റിവെച്ചതാണെന്നും തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തന്റെ തീരുമാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നുമാണ് അണ്ണാ ഹസാരെ പറയുന്നത്. []

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിളിച്ച് ചേര്‍ത്ത് യോഗം നടത്തിയതും ഭിന്നതയുടെ സൂചനയായാണ് വിലയിരുത്തുന്നത്. മത്സരിക്കാന്‍ ആഗ്രഹമില്ലാത്ത അനുയായികളുടെ യോഗം ചൊവ്വാഴ്ച ദല്‍ഹിയില്‍ അദ്ദേഹം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഭിന്നസ്വരമുള്ളവരും പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അനുകൂലിക്കുന്നവരുടെ യോഗം ഇന്ന് അദ്ദേഹം വിളിച്ചിട്ടുണ്ട്.

അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ മോഹത്തിന് അണ്ണാ ഹസാരെയുടെ പിന്തുണയില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനെ കുറിച്ച് അഴിമതിക്കെതിരെ ഇന്ത്യ അംഗങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയതും കെജ്‌രിവാളിന്റെ നേതൃത്വത്തിലായിരുന്നു. സംഘടനയിലെ 76 ശതമാനം ആളുകളും പാര്‍ട്ടി രൂപീകരിക്കുന്നതിനെ അനുകൂലിക്കുയും ചെയ്തിരുന്നു.

കെജ്‌രിവാള്‍ പാര്‍ട്ടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ അതില്‍ നിന്നും വിട്ട് നില്‍ക്കാനാണ് അണ്ണാ ഹസാരെയുടെ തീരുമാനമെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more