സിസോദിയ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ വെറുതെ വിടും: കെജ്‌രിവാള്‍
national news
സിസോദിയ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ വെറുതെ വിടും: കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st March 2023, 7:31 pm

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നാണ് ബി.ജെ.പി വിചാരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതിയൊന്നുമല്ല ബി.ജെ.പിയുടെ വിഷയമെന്നും മന്ത്രിമാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മനീഷ് സിസോദിയ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഒരുപക്ഷേ തൊട്ടടുത്ത ദിവസം തന്നെ
സ്വതന്ത്രനായേക്കാമെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.

‘ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തടയണം, അതാണ് അവരുടെ(ബി.ജെ.പി) ലക്ഷ്യം. ഞങ്ങള്‍ പഞ്ചാബില്‍ വിജയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണിത്. എന്നാല്‍
അവര്‍ക്ക് ഞങ്ങളെ തടയാന്‍ കഴിയില്ല. അത് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, ദല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദല്‍ഹി ഉപമുഖ്യമന്ത്രി സ്ഥാനം മനീഷ് സിസോദിയ രാജിവെച്ചിരുന്നു. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നും സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. സത്യേന്ദ്ര ജെയ്ന്‍ മറ്റൊരു കേസില്‍ പത്ത് മാസങ്ങളായി ജയിലിലാണ്.

രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ജയിലില്‍ തുടരുകയാണെങ്കില്‍ ആറ് വര്‍ഷത്തേക്ക് ഇരുവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായിരുന്നു മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.