തന്റെ വാദങ്ങള്‍ ഉറച്ചു പറയുന്ന രാഷ്ട്രീയക്കാരനാണ് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പുതിയൊരു നിയമം കൊണ്ടുവരാന്‍ ഒരു മൂവ്മെന്റുമായി മുന്നിട്ടിറങ്ങുമ്പോള്‍ അതിന് ഒരു വിപ്ലവത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. വൈദ്യുതി മീറ്ററുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം തേടുമ്പോള്‍ നിയമം ലംഘിക്കാന്‍ പോലും അദ്ദേഹം തയ്യാറാകും.
മറ്റുള്ളവര്‍ രഹസ്യമായി പറയുന്ന ആരോപണങ്ങള്‍ അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിക്കുമ്പോള്‍ അപകീര്‍ത്തി പരാമര്‍ശത്തിന് നിരവധി നോട്ടീസുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കും. ഇനി ആ കേസുകളില്‍ നിന്നെല്ലാം പിന്‍വാങ്ങണമെന്ന് അദ്ദേഹം ആഗ്രഹിച്ചാല്‍ ഓരോ പരാമര്‍ശത്തിനും അദ്ദേഹം മാപ്പും ചോദിക്കും.
ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മോദിക്ക് താന്‍ കൊല്ലപ്പെടണമെന്നാണെന്ന് കെജ്‌രിവാള്‍ പറയും. ഏതെങ്കിലും വിഷയത്തില്‍ മോദിയെ വിമര്‍ശിക്കുന്നത് ഉചിതമല്ലെന്ന് ദല്‍ഹി മുഖ്യമന്ത്രിക്ക് തോന്നിയാല്‍ അദ്ദേഹം വായമൂടികെട്ടി തന്നെയിരിക്കും. അത് എത്ര വലിയ വിഷയമാണെങ്കിലും എത്ര വലിയ തെറ്റാണെങ്കിലും അങ്ങനെ തന്നെയായിരിക്കും.
ഇനി മോദിക്ക് മുന്നില്‍ കീഴ്പ്പെടണമെന്നാണെങ്കില്‍ പൂര്‍ണമായും മനസും ശരീരവും അദ്ദേഹം അടിയറവു വെക്കുകയും ചെയ്യും. കെജ്‌രിവാളിന്റെ രാഷ്ട്രീയം അസാധാരണമായ റിസ്‌കും അസാധാരണമായ പ്രതിഫലവും ലഭിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയതാണ്. അദ്ദേഹത്തിന് ലഭിച്ചത് അത്രമേല്‍ വലിയ പ്രതിഫലങ്ങള്‍ തന്നെയാണ്.
ഒന്ന് ലോക്പാല്‍ മൂവ്മെന്റിലൂടെ അദ്ദേഹത്തിന് ചരിത്രം നിര്‍മ്മിക്കാന്‍ സാധിച്ചു. രണ്ട് ദല്‍ഹിയിലെ 90 ശതമാനം സീറ്റിലും അതിനെ പിന്‍പറ്റി വിജയം വരിക്കാനും സാധിച്ചു.
ഈ കാര്യത്തില്‍ കെജ്‌രിവാളിനും നരേന്ദ്ര മോദിയ്ക്കും തമ്മില്‍ ഒരു സാമ്യം ഉണ്ടെന്ന് പറയാനാകും. മോദിയ്ക്കും വലിയ റിസ്‌കുകള്‍ എടുക്കാന്‍ താത്പര്യമുണ്ട്. ഇനി അത് പരാജയപ്പെടുകയാണെങ്കില്‍ അടുത്തതിലേക്ക് നീങ്ങും. ഉദാഹരണത്തിന് നോട്ടുനിരോധനം പാളിയപ്പോള്‍ അദ്ദേഹം ജി.എസ്.ടിയിലേക്ക് നീങ്ങി.
അസാധാരണ റിസ്‌കുകളുള്ള കളി
അസാധാരണ റിസ്‌ക് എന്നത് കൊണ്ട് ഇതും കൂടി അര്‍ത്ഥമാക്കുന്നുണ്ട്. കാര്യങ്ങള്‍ മോശമായ രീതിയിലേക്ക് പോയാല്‍ അവരും മോശമായ രീതിയിലേക്ക് തന്നെ നീങ്ങുമെന്നതാണത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ 24 മണിക്കൂറും കെജ്‌രിവാള്‍ കുറ്റപ്പെടുത്തുന്ന സമയത്ത് അദ്ദേഹത്തിന് അധികാരത്തോടുള്ള അഭിനിവേശം വ്യക്തമായിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള തിടുക്കമായിരുന്നു അതിലെല്ലാം പ്രകടമായിരുന്നത്. 2015ല്‍ 67 സീറ്റ് ലഭിച്ച് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്കെതിരെ നില്‍ക്കുന്ന നേതാക്കളെയെല്ലാം പുറത്താക്കാനും മുതിര്‍ന്നു കെജ്‌രിവാള്‍. ഇത് ഒരു ജനാധിപത്യവിരുദ്ധ നേതാവിന്റെ മുഖമാണ് കെജ്‌രിവാളിന് നല്‍കിയത്.
ആശയക്കുഴപ്പങ്ങളുടെ രാഷ്ട്രീയം
ചില നേതാക്കള്‍ വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോകും. എന്നാല്‍ ചിലരാകട്ടെ അവ്യക്തതയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകും. വ്യക്തതയുടെ രാഷ്ട്രീയമാണെങ്കില്‍ കൃത്യമായി വോട്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും ഏത് വഴിയില്‍ കൂടിയാണ് തങ്ങളുടെ നേതാവ് പോകുക എന്നത്. ഇത് വിശ്വാസത്തിന്റെ കാരണമായി തീരുകയും ചെയ്യും. എന്നാല്‍ ഏത് വഴി താന്‍ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയില്ലാത്ത ഒരു നേതാവിനെ എങ്ങിനെയാണ് ഒരാള്‍ വിശ്വസിക്കുക.
എന്തെന്നാല്‍ ഒരു നേതാവ് കൃത്യതയിലൂടെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ വോട്ടര്‍മാര്‍ക്ക് ഈ നേതാവിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ കൂടി ഉണ്ടാകും. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയത്തില്‍ ചില നേതാക്കള്‍ വ്യക്തതയില്ലായ്മ ആയുധമാക്കുന്നതും. അസാധാരണമായ അനുഭവപരിചയമുള്ളര്‍ക്കാണ് ഈ വ്യക്തതയില്ലായ്മയുടെ രാഷ്ട്രീയത്തിന്റെ നൂല്‍ ബന്ധത്തില്‍ കടിച്ചു തൂങ്ങി ഏറെ നാള്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
അത്തരത്തിലൊരു നേതാവായിരുന്നു അടല്‍ ബിഹാരി വാജ്പേയി. അദ്ദേഹം ഒരേസമയം തന്നെ രാം മന്ദിറിനു വേണ്ടിയും അതിനെതിരെയും പറയും. അദ്ദേഹം ഹിന്ദുത്വ പ്രചാരകനും ഹിന്ദുത്വത്തിനെതിരായുള്ള ആളുമാകും. ആര്‍.എസ്,എസും ആര്‍.എസ്.എസ് വിരുദ്ധനുമാകും. എന്നിട്ടും ആളുകള്‍ അദ്ദേഹത്തെ വിശ്വസിച്ചു. അടല്‍ ബീഹാരി വാജ്പേയിയ്ക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് പോലും അദ്ദേഹത്തോട് വലിയ മതിപ്പുണ്ടായിരുന്നു.
നരസിംഹ റാവു, നിതീഷ് കുമാര്‍ തുടങ്ങിയവരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. തുടര്‍ച്ചയായി നിലപാടുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് കൊണ്ട് തന്നെ നിതീഷ് കുമാറിന് വിശ്വാസ്യതക്കുറവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ബാലന്‍സിങ് പൊളിറ്റിക്ക്സില്‍ ഇപ്പോഴും മികച്ച് നില്‍ക്കാന്‍ നിതീഷ് കുമാറിന് സാധിക്കും. അതായത് പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കാനും വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ എതിര്‍ത്ത് പറയാനും നിതീഷ് കുമാറിന് സാധിക്കും.
2015ലെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിരന്തരമായി ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ട് മോദിക്ക് ബദലാകാമെന്നായിരുന്നു കെജ്‌രിവാളും ധരിച്ചത്. എന്നാല്‍ പഞ്ചാബ് തെരഞ്ഞടുപ്പിലേറ്റ തിരിച്ചടിയും ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലവും തന്റെ സ്ട്രാറ്റജി തെറ്റാണെന്ന് കെജ്‌രിവാളിനെ ബോധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ ഭരണകാര്യങ്ങളില്‍ അദ്ദേഹം കൂടുതല്‍ വ്യാപൃതനായി.
2020ല്‍ 70 സീറ്റുകളില്‍ 62 ഉം നേടി കെജ്‌രിവാള്‍ വീണ്ടും ദല്‍ഹി മുഖ്യമന്ത്രിയായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ പ്രചരണങ്ങളെ അട്ടിമറിച്ചു കൊണ്ടായിരുന്നു ആം ആദ്മിയുടെ വിജയം. തുടര്‍ച്ചയായ രണ്ട് തവണത്തെ വിജയത്തിന് ശേഷവും കെജ്‌രിവാളിന് അമിത് ഷായുടെ മുന്നില്‍ കീഴടങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നോ?. മോദി ബ്രാന്‍ഡ് പെട്ടെന്നൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല എന്ന ബോധ്യം കെജ്‌രിവാളിനുണ്ട്. എന്നാല്‍ അതുകൊണ്ട് മോദിക്കു മുന്നില്‍ കീഴടങ്ങേണ്ടതുണ്ടോ?
ദല്‍ഹിയില്‍ തബ് ലീഗി ജമാഅത്ത് മര്‍ക്കസിനെതിരെ കേസെടുക്കുകയും ദല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ കേസില് നിന്ന് ഒ ഴിവാക്കുകയും ചെയ്തതോടെ കെജ്‌രിവാള്‍ പൂര്‍ണമായും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ കീഴടങ്ങി എന്ന് തന്നെയാണ് വ്യക്തമാക്കിയത്.
ദല്‍ഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ച്ച മുതലെടുത്ത് അമിത് ഷാ കാര്യങ്ങല്‍ കൂടുതല്‍ എളുപ്പത്തിലുമാക്കി. കഴിഞ്ഞ രണ്ടാഴ്ച്ചയായി അമിത് ഷായാണ് ദല്‍ഹി മുഖ്യമന്ത്രി എന്ന തലത്തിലാണ് രാജ്യതലസ്ഥാനത്ത് കാര്യങ്ങള്‍ നടക്കുന്നത്. കെജ്‌രിവാള്‍ അശക്തനായ മുഖ്യമന്ത്രി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതും.
സ്വന്തം ശവക്കുഴി തോണ്ടുമ്പോള്‍
ഇപ്പോള്‍ മുന്നോട്ട് പോകുന്ന രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കെജ്‌രിവാള്‍ അശക്തനായ മുഖ്യമന്ത്രിയായി തന്നെ തുടരേണ്ടിവരും. മുസ്‌ലിംകളില്‍ നിന്നും മോദി അനുകൂലികളില്‍ നിന്നും അദ്ദേഹത്തിന് പ്രഹരമേല്‍ക്കേണ്ടിവരും. 2017ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ നിന്ന് പഠിച്ചത് ഉള്‍ക്കൊണ്ടു കൊണ്ട് ദല്‍ഹിയിലെ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് കെജ്‌രിവാള്‍ ഇപ്പോള്‍ ചെയ്യേണ്ടത്.
സാധാരണക്കാരന്റെ രാഷ്ട്രീയമാണ് താന്‍ പറയുന്നത് എന്ന സ്വയം പ്രഖ്യാപിത നിലപാടുമായി എത്തിയ കെജ്‌രിവാള്‍ ആ പഴയ ആം ആദ്മി തൊപ്പിയണിഞ്ഞ് ഇപ്പോള്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുക തന്ന വേണം. രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് ഏറെ ചിന്തിക്കാതെ സെക്രട്ടറിയേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകളെങ്കിലും അദ്ദേഹം നോക്കണം.
ഭരണത്തില്‍ ആശയക്കുഴപ്പമില്ലാതിരിക്കുന്നതും, രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പുമുള്ളതും കെജ്‌രിവാളിനെ ഇനിയും കുറേ ദൂരം സഞ്ചരിക്കാന്‍ സഹായിക്കുമായിരിക്കാം. പക്ഷേ രാഷ്ട്രീയത്തില്‍ മാത്രമാണ് അദ്ദേഹത്തിന് താത്പര്യമെങ്കില്‍ അദ്ദേഹം പോയി എന്‍.ഡി.എയില്‍ ചേരുന്നതായിരിക്കും ഉചിതം.
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)
പരിഭാഷ- ശ്രിന്‍ഷ രാമകൃഷ്ണന്‍