ന്യൂദല്‍ഹി: ദല്‍ഹി ബി.ജെ.പി ആസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു കെജ്‌രിവാളിനെ നിങ്ങള്‍ അറസ്റ്റ് ചെയ്താല്‍ പകരം നൂറ് കെജ്‌രിവാള്‍ രാജ്യത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എ.എ.പി എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസില്‍ കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. എ.എ.പിയെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
‘ എ.എ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ബി.ജെ.പി ഓപ്പറേഷന്‍ ജാദു ആരംഭിച്ചിരിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ അവര്‍ അറസ്റ്റ് ചെയ്യും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിക്കും. ഇത് ഇ.ഡിയുടെ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ എ.എ.പിയെ സഹായിക്കുമെന്ന് അവര്‍ക്ക് അറിയാം. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് നമ്മളെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറക്കി വിടാനാണ് ബി.ജെ.പി പദ്ധതി ഇടുന്നത്,’ കെജ്‌രിവാള്‍ പറഞ്ഞു.
ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, സ്വാതി മലിവാളിന്റെ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ പൊലീസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ പൊലീസ് സംഘം സി.സി.ടി.വി ഡി.വി.ആർ പിടിച്ചെടുത്തു.
കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ബൈഭവ് കുമാര്‍ മര്‍ദിച്ചുവെന്ന സ്വാതി മലിവാളിന്റെ പരാതിയിലാണ് ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സ്വാതി മലിവാളിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞ ദിവസം എ.എ.പി കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ വെച്ചാണ് തന്നെ അദ്ദേഹത്തിന്റെ പി.എ ആക്രമിച്ചതെന്നായിരുന്നു സ്വാതി മലിവാൾ അവകാശപ്പെട്ടിരുന്നത്.
Content Highlight: Arvind Kejriwal Claims BJP Trying To “Finish” AAP