ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി തീവ്രവാദത്തിനതിരെയും ദേശീയ സുരക്ഷയെ കരുതുന്ന വിഷയങ്ങളിലും മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
‘എന്തുതന്നെ സംഭവിച്ചാലും കോണ്‍ഗ്രസിന്റെ ഒരു നേതാവിനെയും തീവ്രവാദികളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ചൂലിന്റെ (ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) ഏറ്റവും വലിയ നേതാവിനെ തീവ്രവാദികളുടെ വീട്ടില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും. അതാണ് സത്യം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബിലെ മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്‌രിവാള്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
നിങ്ങളോട് ‘ഒരു അവസരം തരൂ’ എന്ന് പറയുന്നവര്‍ പഞ്ചാബിനെ നശിപ്പിക്കുമെന്നും’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കും ഒരു അവസരം നല്‍കൂ, എങ്ങനെ ഭരിക്കണമെന്ന് തങ്ങള്‍ കാണിച്ചു തരാം എന്നുള്ള എ.എ.പിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു രാഹുല്‍ ആഞ്ഞടിച്ചത്.
പഞ്ചാബ് അതിര്‍ത്തി പ്രദേശത്തെ ഒരു സംസ്ഥാനമാണെന്നും അവിടെ ക്രമസമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ക്കറിയാമെന്നും, അതിന് മറ്റാരുടെയും ആവശ്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഏക് ബാര്‍ മോകാ ദോ (ഒരു അവസരം തരൂ) എന്ന് പറയുന്നവര്‍ പഞ്ചാബിനെ നശിപ്പിക്കും. അവര്‍ പഞ്ചാബ് ആകെ കത്തിക്കും. എന്റെ വാക്കുകള്‍ ഓര്‍ത്തു വച്ചോളൂ,’ രാഹുല്‍ പറയുന്നു.
സംസ്ഥാനത്തിന്റെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അധികാര തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തി.
‘അമരീന്ദര്‍ ദരിദ്രനായ ഒരാളെ കെട്ടിപ്പിടിക്കുന്നത് നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഞാനൊരിക്കലും കണ്ടിട്ടില്ല. ഇങ്ങനെ ഒരാള്‍ ജയിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് എന്താണ് ഗുണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയായിരുന്നു അമരീന്ദര്‍ പാര്‍ട്ടി വിട്ടത്. ശേഷം, പുതിയ പാര്‍ട്ടിയുണ്ടാക്കുകയും ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുകയുമായിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ 70-80 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 20നാണ് സംസ്ഥാനത്തെ 117 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. അധികാരം ലഭിക്കാന്‍ 60 സീറ്റുകളാണ് ഒരു പാര്‍ട്ടി/സഖ്യത്തിന് ലഭിക്കേണ്ടത്.
മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Content Highlight: Arvind Kejriwal Can Be Found At Terrorists’ Homes, Says Rahul Gandhi