| Tuesday, 25th February 2020, 11:58 am

സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ദല്‍ഹി അതിര്‍ത്തി അടക്കേണ്ടിവരുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിലവിലെ സംഘര്‍ഷാവസ്ഥയെ നിയന്ത്രിക്കാന്‍ ദല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എം.എല്‍.എമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദല്‍ഹിയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അതീവ ഭീതിയുണ്ടെന്ന് നേരത്തെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെജ്‌രിവാള്‍ യോഗം വിളിച്ചു ചേര്‍ത്തത്. ദല്‍ഹിയിലെ കെജ്‌രിവാളിന്റെ വീട്ടിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്.

‘എല്ലാവരും സമാധാനം പാലിക്കണം. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ഭീതിയുണ്ട്. നിരവധി വീടുകളും കടകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. അത് നിര്‍ഭാഗ്യകരമാണ്.’കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഏഴ് പേരാണ് ഇതുവരെ സംഭവത്തെ തുര്‍ന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇന്ന് ഉച്ചക്ക് 12 മണിക്ക് ആഭ്യന്തരമന്ത്രി അമിത്ഷായും ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായും കെജ്‌രിവാള്‍ ചര്‍ച്ച നടത്തുന്നുണ്ട്. കെജ്‌രിവാളിനും ഗവര്‍ണര്‍ക്കും പുറമെ ദല്‍ഹി നോര്‍ത്ത് ബ്ലോക്കിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more