| Tuesday, 8th October 2024, 2:25 pm

അരവിന്ദ് കെജരിവാള്‍ ഇന്ത്യ സഖ്യത്തെ വഞ്ചിച്ചു; അദ്ദേഹം പുറത്തിറങ്ങിയത് കോണ്‍ഗ്രസിനെ ഒറ്റിക്കൊടുക്കാന്‍: സ്വാതി മാലിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ മോശം പ്രകടനത്തില്‍ അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി രാജ്യസഭ എം.പി സ്വാതി മാലിവാള്‍.

കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്യാന്‍ മാത്രമാണ് അരവിന്ദ് കെജരിവാള്‍ ജയിലില്‍ നിന്ന് എത്തിയതെന്ന് ആരോപിച്ച സ്വാതി അദ്ദേഹത്തിന്റെ ഈ രംഗപ്രവേശനം ഇന്ത്യ സഖ്യത്തിനെ ഒറ്റിക്കൊടുക്കാന്‍ വേണ്ടിയായിരുന്നെന്നും കുറ്റപ്പെടുത്തി. കെജ്‌രിവാളിന്റെ ഈ നീക്കം കാരണം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറഞ്ഞെന്നും സ്വാതി ആരോപിച്ചു.

ഗുസ്തി താരമായ വിനേഷ് ഫോഗട്ടിനെ തോല്‍പ്പിക്കാനാണ് ആംആദ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന് പറഞ്ഞ സ്വാതി ഒടുവില്‍ പണ്ട് കിട്ടിയിരുന്ന വോട്ടുകള്‍ സംരക്ഷിക്കാന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും കുറ്റപ്പെടുത്തി. തന്നെ ഒരു ബി.ജെ.പി ഏജന്റായി ചിത്രീകരിച്ച എ.എ.പിയുടെ അഹങ്കാരമാണ് ഈ തോല്‍വിയുടെ കാരണമെന്നും സ്വാതി എക്‌സില്‍ പങ്ക് വെച്ച് കുറിപ്പില്‍ പറയുന്നുണ്ട്. അതിനാല്‍ ഇനിയങ്ങോട്ട് അഹങ്കാരമെല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ആംആദ്മിയെ ഉപദേശിച്ചാണ് സ്വാതി കുറിപ്പ് അവസാനിപ്പിച്ചത്.

പോളിങ് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 90ല്‍ 50 സീറ്റുകള്‍ നേടി ബി.ജെ.പി ലീഡ് തുടരുകയാണ്. 35 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആണ് രണ്ടാം സ്ഥാനത്ത്.

എന്നാല്‍ ആംആദ്മിക്ക് ഇതുവരെ ഒരു സീറ്റ് പോലും നേടാന്‍ ആയിട്ടില്ല. പോളിങ്ങ് ആരംഭിച്ചപ്പോള്‍ 60ന് അടുത്തോളം സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് പിന്നെ പുറകിലേക്ക് പോവുകയായിരുന്നു.

അതേസമയം ആം ആദ്മിയുമായി സഖ്യം രൂപീകരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നെന്ന് ആപ്പിന്റെ വക്താക്കള്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Arvind Kejriwal betrayed India alliance; He came out to betray Congress: Swati Maliwal

We use cookies to give you the best possible experience. Learn more