എനിക്ക് ഒരു അവസരം നല്‍കൂ; മാറി മാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും ഹരിയാനയില്‍ എന്ത് ചെയ്തു: കെജ്‌രിവാള്‍
national news
എനിക്ക് ഒരു അവസരം നല്‍കൂ; മാറി മാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും ഹരിയാനയില്‍ എന്ത് ചെയ്തു: കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2023, 10:52 pm

ന്യൂദല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ വിജയിപ്പിച്ചാല്‍ ഹരിയാനക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണത്തിനുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ഹരിയാനയിലെ തിരംഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജ്‌രിവാളിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ആം ആദ്മി ഹരിയാന നേതാവ് സുശില്‍ കുമാര്‍ ഗുപ്ത എന്നിവരും യാത്രയില്‍ പങ്കെടുത്തുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയാന തന്റെ ജന്മഭൂമിയും ദല്‍ഹി കര്‍മഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി മാറി മാറി ഭരിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ഹരിയാനക്ക് വേണ്ടി എന്ത് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.

‘അവര്‍ ശരിയായി ചെയ്ത എന്തെങ്കിലും ഒരു കാര്യമുണ്ടോ. 25 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. ഒമ്പത് വര്‍ഷം ബി.ജെ.പി ഭരിച്ചു. അവര്‍ ഏതെങ്കിലും സ്‌കൂളുകളോ റോഡുകളോ പണിതിട്ടുണ്ടോ. നിങ്ങളുടെ കുട്ടികള്‍ക്ക് അവര്‍ തൊഴില്‍ നല്‍കിയിട്ടുണ്ടോ? നല്ല ആശുപത്രികള്‍ പണിതിട്ടുണ്ടോ? പിന്നെന്തിനാണ് നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമായതിനാല്‍ നേരത്തെ ജനങ്ങള്‍ക്ക് വേറെ വഴികളില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആം ആദ്മി ബദലായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഒരു അവസരം നല്‍കൂ. ഞങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാം. സ്‌കൂളുകള്‍ പണിയാം. ആരോഗ്യസംരക്ഷണത്തിനുള്ള സൗകര്യങ്ങളും നല്‍കാം. ബി.ജെ.പിയും കോണ്‍ഗ്രസും ഈ വിഷയങ്ങളെക്കുറിച്ചൊന്നും സംസാരിക്കില്ല. ദല്‍ഹിയിലെയും പഞ്ചാബിലെയും സമാനമായ സൗജന്യ ചികിത്സയും ലഭ്യമാക്കും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഈ പാര്‍ട്ടികള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പിന്നോക്കാവസ്ഥയിലുള്ള പല സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുടെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ തൊഴില്‍ രഹിതര്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

‘ദല്‍ഹിയില്‍ 12 ലക്ഷം യുവാക്കള്‍ക്ക് ഞങ്ങള്‍ ജോലി നല്‍കി. പഞ്ചാബില്‍ 30,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. 3 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനുള്ള ക്രമീകരണം കൂടി നടക്കുന്നുണ്ട്.

ഇന്ന് ദല്‍ഹിയില്‍ മുഴുവന്‍ സമയവും വൈദ്യുതിയുണ്ട്. പഞ്ചാബിലും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഭരിക്കുന്നതിനാല്‍ മുഴുവന്‍ സമയ വൈദ്യുതിയുണ്ട്. ഹരിയാനയിലെ സര്‍ക്കാര്‍ തടസമില്ലാതെ വൈദ്യുതി നല്‍കുന്നതില്‍ പരാജയപ്പെട്ടു. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹരിയാനയില്‍ 24 മണിക്കൂറും വൈദ്യുതിയുണ്ടാകും,’ കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തിന്റെ രാഷ്ട്രീയ ദിശ മാറ്റിയ ആളാണ് കെജ്‌രിവാള്‍ എന്ന് ഭഗവന്ത് മന്നും അഭിപ്രായപ്പെട്ടു. ഹരിയാനയിലെ അഴിമതി തുടച്ച് നീക്കാനും മാറ്റം കൊണ്ടുവരാനുമാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

‘പഞ്ചാബിലെ 88 ശതമാനം കുടുംബങ്ങള്‍ക്കും പൂജ്യം വൈദ്യുത ബില്ലാണ് ലഭിക്കുന്നത്. പഞ്ചാബില്‍ ഇത് സംഭവിക്കുമെങ്കില്‍ എന്തുകൊണ്ട് ഹരിയാനയില്‍ സംഭവിച്ചുകൂടാ,’ അദ്ദേഹം ചോദിച്ചു.

content highlights: arvind kejriwal at hariana