| Saturday, 3rd September 2022, 7:49 pm

ഇത്രയും കാലം നിന്നിട്ട് വല്ല്യ കാര്യമൊന്നും ഉണ്ടായില്ലല്ലോ, ബി.ജെ.പിയില്‍ നിന്ന് ഇനി എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കൂ; ബി.ജെ.പി നേതാക്കളോട് ആഹ്വാനവുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: സ്വന്തം പാര്‍ട്ടിയില്‍ നിന്നുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ഗുജറാത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇരു പാര്‍ട്ടികളും ശക്തമാക്കുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരോടുള്ള കെജ്‌രിവാളിന്റെ ആഹ്വാനം.

ബി.ജെ.പി നേതാക്കളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും വര്‍ഷങ്ങളോളം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിട്ട് എന്താണ് കിട്ടിയതെന്ന് മാത്രമാണ് ചോദിക്കാനുള്ളതെന്നും കെജ്‌രിവാള്‍ ചോദിച്ചു.

‘ഞങ്ങള്‍ക്ക് ബി.ജെ.പി നേതാക്കളെയൊന്നും ആവശ്യമില്ല. നേതാക്കളെ നിങ്ങള്‍ തന്നെ സൂക്ഷിച്ചോളൂ. ഗ്രാമങ്ങളിലും താലൂക്കുകളിലും ബൂത്തുകളിലും പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയുടെ നേതാക്കള്‍ ഞങ്ങളുടെ പ്രചാരണപരിപാടികളിലും പങ്കുചേരുന്നുണ്ട്.

ഇത്രയും കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് എന്ത് പ്രതിഫലമാണ് ലഭിച്ചത് എന്ന കാര്യം മാത്രമേ അവരോട് എനിക്ക് ചോദിക്കാനുള്ളൂ,’ കെജ്‌രിവാള്‍ ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് രാജ്കോട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എ.എ.പി അധികാരത്തിലെത്തിയാല്‍ ബി.ജെ.പിക്കുള്ളില്‍ നിന്ന് എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആം ആദ്മി വാഗ്ദാനം നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി പണം ലഭിക്കുന്നുണ്ട്. ആ പ്രതിഫലം വാങ്ങി ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ എ.എ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് അവരോട് പറയാനുള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞു. അത്തരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കാന്‍ തങ്ങളുടെ പക്കലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗജന്യമോ മികച്ചതോ ആയ വിദ്യാഭ്യാസമോ ആരോഗ്യസേവനങ്ങളോ സൗജന്യവൈദ്യുതിയോ ബി.ജെ.പി അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. എ.എ.പി ഭരണത്തിലെത്തിയാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമെന്ന ഉറപ്പു നല്‍കി. സൗജന്യവൈദ്യുതിയും മികച്ച വിദ്യാഭ്യാസവും ചികിത്സയും സ്ത്രീകള്‍ക്ക് 1,000 രൂപ വീതവും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 27 വര്‍ഷം നീണ്ട ബി.ജെ.പി ഭരണം ഗുജറാത്തില്‍ വീണ്ടും തുടരുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും വിചാരിക്കേണ്ടതില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:Arvind kejriwal asks bjp leaders to take money from bjp and work for AAP

We use cookies to give you the best possible experience. Learn more