| Saturday, 17th February 2024, 12:03 pm

മദ്യനയക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെജ്‌രിവാളിന് സമയം നീട്ടി നല്‍കി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ചോദ്യം ചെയ്യലനിന് ഹാജരാകാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമയം നീട്ടി നല്‍കി ദല്‍ഹിയിലെ റോസ് അവന്യൂ കോടതി. ചോദ്യം ചെയ്യലിനായി കെജ്‌രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്.

ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായ കെജ്‌രിവാള്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി അറിയിച്ചു. നിരവധി തവണ നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിനായി കെജ്‌രിവാൾ ഹാജരായില്ലെന്ന് പരാതിയില്‍ ഇ.ഡി ആരോപിച്ചു. ആറ് തവണയാണ് ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കെജ്‌രിവാൾ ചോദ്യം ചെയ്യലില്‍ നിന്നും മനഃപൂര്‍വ്വം ഒഴിഞ്ഞ് മാറുകയാണെന്ന് ഇ.ഡി പരാതിയില്‍ ആരോപിച്ചു. അദ്ദേഹത്തെ പോലൊരു ഉയര്‍ന്ന പൊതുപ്രവര്‍ത്തകന്‍ നിയമം അനുസരിക്കാതിരുന്നാല്‍ അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാരെ തെറ്റായി സ്വാധീനിക്കുെമെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ദിവസം ദല്‍ഹി നിയമസഭയില്‍ കെജ്‌രിവാള്‍ വിശ്വാസ വോട്ടെടുപ്പിന് പ്രമേയം അവതരിപ്പിച്ചു. ഫെബ്രുവരി 16ന് ഹാജരാകണമെന്ന ഇ.ഡിയുടെ ആറാമത്തെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വിശ്വാസ പ്രമേയവുമായി അദ്ദേഹം രംഗത്തെത്തിയത്.

പ്രമേയത്തില്‍ ഇന്ന് സഭയില്‍ വോട്ടെടുപ്പ് നടക്കും. എ.എ.പി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര നീക്കമാണ് ഇ.ഡി അന്വേഷണമെന്ന് പ്രമേയം അവതരിപ്പിച്ച് കെജ്‌രിവാള്‍ നിയമസഭയില്‍ പറഞ്ഞു. കൂറുമാറാനായി എ.എ.പി എം.എല്‍.എമാര്‍ക്ക് 25 കോടി രൂപ ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

’21 എ.എ.പി എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ എം.എല്‍.എമാരോട് പറഞ്ഞു. എന്നാല്‍ അവരുടെ അവകാശവാദം എ.എ.പി എം.എല്‍.എമാര്‍ തള്ളിക്കളഞ്ഞു. ഞങ്ങളുടെ എം.എല്‍.എമാര്‍ ഒരിക്കലും കൂറുമാറില്ല. അവര്‍ ഞങ്ങള്‍ക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കും’, കെജ്‌രിവാള്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കെജ്‌രിവാള്‍ സഭയില്‍ വിശ്വാസവോട്ട് തേടുന്നത്. 70 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 62 എം.എല്‍.എമാരും ബി.ജെ.പിക്ക് എട്ട് എം.എല്‍.എമാരുമാണുള്ളത്. ഇ.ഡി ആദ്യ സമന്‍സ് അയച്ചത് മുതല്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന വാർത്ത പ്രചരിച്ചിരുന്നു.

Contant Highlight: Arvind Kejriwal Appears Virtually In delhi Court

We use cookies to give you the best possible experience. Learn more