ഞാന്‍ കാരണം ക്ഷേത്രം അശുദ്ധമായെന്ന് ബി.ജെ.പി പറയുന്നു, ഇത് എന്ത് തരം രാഷ്ട്രീയമാണ്: മനോജ് തിവാരിക്കെതിരെ കെജ്‌രിവാള്‍
India
ഞാന്‍ കാരണം ക്ഷേത്രം അശുദ്ധമായെന്ന് ബി.ജെ.പി പറയുന്നു, ഇത് എന്ത് തരം രാഷ്ട്രീയമാണ്: മനോജ് തിവാരിക്കെതിരെ കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 2:44 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ തന്നെ ബി.ജെ.പി പരിഹസിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ സന്ദര്‍ശനത്തോടെ ഹനുമാന്‍ ക്ഷേത്രം അശുദ്ധമായെന്ന ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു കെജ്‌രിവാള്‍.

ഹനുമാന്റെ ദേഹത്ത് ചാര്‍ത്താനുള്ള മാല പിടിച്ച അതേ കൈകൊണ്ടാണ് കെജ്‌രിവാള്‍ കാലില്‍ കിടന്ന ഷൂ ഊരിയതെന്നും ഇതോടെ ഹനുമാന്റെ വിഗ്രഹം അശുദ്ധമായെന്നുമായിരുന്നു മനോജ് തിവാരിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് മറുപടിയുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെലിവിഷനിലൂടെ ഞാന്‍ എന്നൊക്കെ ഹനുമാന്‍ ചാലിസ ഉരുവിട്ടിട്ടുണ്ടോ അപ്പോഴെല്ലാം ബി.ജെ.പി എന്നെ പരിഹസിച്ചിട്ടുണ്ട്. ഇന്നലെ ഞാന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. എന്നാല്‍ എന്റെ സന്ദര്‍ശനത്തോടെ ക്ഷേത്രം അശുദ്ധമായെന്ന് ഇന്ന് ബി.ജെ.പിക്കാര്‍ പറയുന്നു. ഇത് എന്ത് തരം രാഷ്ട്രീയമാണ്? ദൈവം എല്ലാവരുടേതുമാണ്. ദൈവം എല്ലാവരേയും അനുഗ്രഹിക്കും. ബി.ജെ.പിക്കാരേയും”- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ദല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ചയായിരുന്നു കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. കപട വിശ്വാസിയായ ഒരാളാണ് കെജ്‌രിവാള്‍ എന്നായിരുന്നു ഇതിന് പിന്നാലെ മനോജ് തിവാരി നടത്തിയ പ്രസ്താവന.

”പ്രാര്‍ത്ഥിക്കാനാണോ അതോ ക്ഷേത്രം അശുദ്ധമാക്കാനാണോ അദ്ദേഹം പോയത്? ഷൂ അഴിച്ചുമാറ്റിയ അതേ കൈയിലാണ് ഹനുമാന് ചാര്‍ത്താനായി കൊണ്ടുപോയ മാലയും പിടിച്ചത്. ഇക്കാര്യം ഞാന്‍ പൂജാരിയോട് പറഞ്ഞിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ഹനുമാന്റെ വിഗ്രഹത്തെ എല്ലായ്‌പ്പോഴും വെള്ളമൊഴിച്ച് ശുദ്ധീകരിച്ചുകൊണ്ടേയിരിക്കുമെന്നാണ്”- തിവാരി പറഞ്ഞു.

ന്യൂദല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ സുനില്‍ യാദവിനോടും കോണ്‍ഗ്രസിന്റെ രൊമേഷ് സബര്‍വാളിനോടുമാണ് കെജ്‌രിവാള്‍ മത്സരിക്കുന്നത്. ദല്‍ഹിയില്‍ നടന്നപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും മൂന്നാം തവണയും ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ