|

കര്‍ഷകരുമായി ഒരു തുറന്ന സംവാദത്തിന് നിങ്ങള്‍ ഒരുക്കമാണോ? കേന്ദ്രത്തോട് അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിംഗു അതിര്‍ത്തിയിലെത്തി. കര്‍ഷകദ്രോഹപരമായ നിയമങ്ങള്‍ പിന്‍ലിക്കുന്നതുവരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിനൊപ്പമായിരിക്കുമെന്നും അദ്ദേഹം കര്‍ഷകരോട് പറഞ്ഞു.

കാര്‍ഷിക നിയമങ്ങളെപ്പറ്റി അറിയാവുന്ന കേന്ദ്രമന്ത്രിമാരെ ഞാന്‍ വെല്ലുവിളിക്കുന്നു. നിയമം സംബന്ധിച്ച കര്‍ഷകരുമായി തുറന്ന സംവാദത്തിന് നിങ്ങള്‍ ഒരുക്കമാണോ? ആര്‍ക്കാണ് കൂടുതല്‍ അറിവെന്ന് ഇതോടെ മനസ്സിലാകും, കെജ്‌രിവാള്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയാലുള്ള ഗുണത്തെപ്പറ്റി സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. നിയമം ആര്‍ക്കും ഒരു തകരാര്‍ ഉണ്ടാക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കില്ല, എം.എസ്.പി സംബന്ധിച്ച് വ്യക്തത വരുത്തും ഇതൊക്കെയാണ് അവര്‍ പറയുന്നത്. ഇതൊക്കെ ഗുണങ്ങളുടെ പട്ടികയില്‍പ്പെടുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഒത്തുകൂടിയിട്ടുള്ള ദല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സിംഗു അതിര്‍ത്തിയിലാണ്  കെജ്‌രിവാള്‍   എത്തിയത്.

നേരത്തെയും കെജ്‌രിവാള്‍ കര്‍ഷകരെ കാണാന്‍ നേരിട്ടെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍. കര്‍ഷകര്‍ക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. താനും തന്റെ സര്‍ക്കാറും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആദ്യ സന്ദര്‍ശനത്തില്‍ കെജ്‌രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു.

‘ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിട്ടല്ല വന്നത് മറിച്ച് ഒരു സേവകന്‍ എന്ന നിലയിലാണ്. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, നമ്മള്‍ അവരോടൊപ്പം നില്‍ക്കണം,” എന്നായിരുന്നു കെജ്‌രിവാള്‍ അന്ന് പറഞ്ഞത്.

കെജ്‌രിവാളിന് പുറമെ നിരവധി പ്രതിപക്ഷ നേതാക്കള്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയിരുന്നു. അതേസമയം, ഡിസംബര്‍ 29 ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.

കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാന ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aravind Kejriwal At Singhu Border