ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളടങ്ങിയ കത്തെഴുതി തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍. തന്റെ പിറന്നാളാഘോഷ ചടങ്ങില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നുവെന്നും എല്ലാവരും ചേര്‍ന്ന് ‘യേ ദോസ്തി ഹം നഹി തോഡെംഗെ’ എന്ന ഗാനം ആലപിച്ചിരുന്നുവെന്നും സുകേഷ് കത്തില്‍ പറയുന്നു.
അരവിന്ദ് കെജ്‌രിവാള്‍ കള്ളനാണെന്നും പണത്തോടുള്ള അത്യാഗ്രഹം കാരണമാണ് താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതെന്നും സുകേഷ് കത്തില്‍ പറയുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത് നടത്തിയ അഴിമതികളിലൂടെ കെജ്‌രിവാള്‍ 1000 കോടി രൂപ തട്ടിയതായും ഇയാള്‍ ആരോപിക്കുന്നു.
അന്താരാഷ്ട്ര മാധ്യമത്തില്‍ ആപ്പ് സര്‍ക്കാരിനെ പ്രശംസിച്ച് വന്ന കുറിപ്പ് കെജ്‌രിവാള്‍ തന്നെ പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണ്. ഈ വാര്‍ത്തയായിരുന്നു പിന്നീട് ആപ്പ് പ്രവര്‍ത്തകര്‍ അവരുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചതും.
കെജ്‌രിവാള്‍ ചൈനീസ് കമ്പനിയില്‍ നിന്നും കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ ടാബ്‌ലെറ്റുകള്‍ വാങ്ങിയിരുന്നു. പിന്നീട് ഈ ടെന്‍ഡര്‍ മറ്റൊരു സ്വകാര്യ വ്യക്തിക്ക് കൈമാറി. ഇതുവഴി മാത്രം കെജ്‌രിവാളിന് 20 ശതമാനം അധിക കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അടുത്തിടെയാണ് സുകേഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സുകേഷ് നിലവില്‍ ഇ.ഡി കസ്റ്റഡിയിലാണ്. മുന്‍ റിലിഗെയര്‍ പ്രമോട്ടര്‍ മല്‍വീന്ദര്‍ സിങ്ങിനെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒടുവിലത്തെ അറസ്റ്റ്. മുമ്പ് രണ്ട് തവണ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: Arvind kejriwal a fraud says sukesh chandrasekhar in his letter