തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി അരവിന്ദ് കെജ്‌രിവാള്‍
national news
തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 12:49 pm

ദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യമുണ്ടാക്കിയേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം തന്റെ എക്‌സില്‍ കുറിച്ചു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി അന്തിമ ചര്‍ച്ചകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിട്ടും കോണ്‍ഗ്രസുമായുള്ള സഖ്യം എ.എ.പി നേതാവ് തള്ളിക്കളയുന്നത് ഇതാദ്യമായല്ല. മുമ്പ് മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായുള്ള സഖ്യം കെജ്‌രിവാള്‍ തള്ളിക്കളഞ്ഞിരുന്നു. 2015 മുതല്‍ ദല്‍ഹിയുടെ ഭരണപക്ഷത്തിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള പരീക്ഷണമായിരിക്കും.

രാജ്യതലസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഒന്നിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ നിലപാട് പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.

ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിച്ചിരുന്നു. എന്നാല്‍ മത്സരിച്ച എല്ലാ സീറ്റുകളിലും സഖ്യം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുപാര്‍ട്ടികളെയും എത്തിച്ചത്.

ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ലോക്‌സഭാ ഫലത്തിന് ശേഷമാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും 70 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും ദേവേന്ദര്‍ യാദവ് അറിയിച്ചിരുന്നു.

ഇതോടെ ദല്‍ഹിയില്‍ വീണ്ടും ത്രികോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. 2015ലും 2020ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ എ.എ.പി യഥാക്രമം 67, 62 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി മൂന്നും എട്ടും സീറ്റുകള്‍ നേടി. രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു.

Content Highlight: Arvind Kejrival ruled out the possibilities of alliance with Congress in Delhi Assembly Election