മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാള്‍ സെപ്തംബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
national news
മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാള്‍ സെപ്തംബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2024, 6:07 pm

ന്യൂദല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ മൂന്ന് വരെ നീട്ടിയതായി കോടതി ഉത്തരവ്. ദല്‍ഹി റൂസ് അവന്യൂ കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി നീട്ടിയത്.

2021-2022 കാലയളവിലെ മദ്യനയക്കേസില്‍ നിലവില്‍ സി.ബി.ഐയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കെജ്‌രിവാള്‍. കെജ്‌രിവാളും മറ്റ് അഞ്ച് പേരും പ്രതികളായി സി.ബി.ഐ സമര്‍പ്പിച്ച നാലാമത്തെ കേസും സെപ്തംബര്‍ മൂന്നിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

വീഡിയോ കോണ്‍ഫറന്‌സ് വഴിയാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. രണ്ട് ഹരജികളാണ് കെജ്‌രിവാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്തും സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെയുമാണ് ഹരജി.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാളിന്റെ മദ്യനയക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും സുപ്രീംകോടതി സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി.

ഇപ്പോള്‍ റദ്ദാക്കിയ എക്‌സൈസ് നയം സംബന്ധിച്ച എല്ലാ തീരുമാനങ്ങളും കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച സത്യമാങ്മൂലത്തില്‍ പറയുന്നത്.

അരവിന്ദ് കെജ്‌രിവാളിനെ ജയിലില്‍ അടക്കാന്‍ ബി.ജെ.പിയും സി.ബി.ഐയും ഏകീകൃതമായി തീരുമാനിക്കുകയാണെന്ന് ആംആദ്മി ആരോപിച്ചു.

‘അരവിന്ദ് കെജ്‌രിവാളിനെ ജയിലില്‍ അടക്കാന്‍ സി.ബി.ഐ, ബി.ജെ.പിയുടെ പാവയായി പ്രവര്‍ത്തിക്കുന്നു. സി.ബി.ഐ കോടതി നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നു,’ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

Content Highlight: arvind kejrival in judicial custody till september third