ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഇല്ലാത്ത കേന്ദ്രസര്‍ക്കാറിനെ എ.എ.പി പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില നിബന്ധനകളും അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എ.എ.പിയ്ക്ക് മതിയായ സീറ്റ് ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ ദല്‍ഹിയ്ക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ദല്‍ഹിയില്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
‘എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. സത്യത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുന്ന സാഹചര്യമായിരുന്നു. അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. അവസാന രാത്രി, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ രാത്രി. എന്താണ് സംഭവിച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. മുഴുവന്‍ മുസ്‌ലിം വോട്ടുകളും കോണ്‍ഗ്രസിലേക്കു പോയി. 12-13% വരും അത്. ‘ അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ രാജ്പുരയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടുകളില്‍ അട്ടിമറി നടന്നില്ലെങ്കില്‍ മോദിജി തിരിച്ചുവരില്ലയെന്നും കെജ്‌രിവാള്‍ പറഞ്ഞു. ‘ഇ.വി.എമ്മുകള്‍ അട്ടിമറിച്ചില്ലെങ്കില്‍ മോദിജി തിരിച്ചുവരില്ല. പക്ഷേ അത് നടന്നോ ഇല്ലയോയെന്ന് എനിക്ക് അറിയില്ല.’ എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.