കൊവിഡ് രോഗികള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മ്മിക്കാനൊരുങ്ങി മാരുതി സുസുക്കി; ആവശ്യപ്പെട്ട് സര്‍ക്കാര്‍, പഠിക്കുന്നു, അന്തിമ തീരുമാനം ഉടന്‍
COVID-19
കൊവിഡ് രോഗികള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മ്മിക്കാനൊരുങ്ങി മാരുതി സുസുക്കി; ആവശ്യപ്പെട്ട് സര്‍ക്കാര്‍, പഠിക്കുന്നു, അന്തിമ തീരുമാനം ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 7:52 pm

മുംബൈ: രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി. വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് തരാമോ എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കമ്പനിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇതിന്റെ സാധ്യത കമ്പനിയിലെ വിദഗ്ധര്‍ പഠിക്കുകയാണെന്ന് മാരുതി അറിയിച്ചിരിക്കുന്നത്.

‘ഒരു ഓട്ടോമൊബൈല്‍ കമ്പനിയെ സംബന്ധിച്ചിടത്തോളെ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമോ എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് അധികൃതര്‍ ഞങ്ങളെ സമീപിച്ചത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്നതാണ് ഞങ്ങള്‍ നോക്കുന്നത്. വെന്റിലേറ്ററിനെക്കുറിച്ചും അതിന്റെ സാങ്കേതിക വിദ്യയെക്കുറിച്ചും എന്തൊക്കെയാണ് ആവശ്യം എന്നതിനെക്കുറിച്ചും മാരുതി സുസുക്കിയിലെ വിദഗ്ധര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്’, കമ്പനിയുടെ ചെയര്‍മാന്‍ ബി.സി ഭാര്‍ഗവ പറഞ്ഞു.

ഒന്നോ രണ്ടോ ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ ധാരണയാവുമെന്നും എന്ത് ചെയ്യാന്‍ കഴിയും, എന്ത് കഴിയില്ല എന്ന് സര്‍ക്കാരിനോട് പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കാനൊരുങ്ങുകയാണ് മഹീന്ദ്രാ ഗ്രൂപ്പ്. ഉത്പാദനം നിര്‍ത്തിവെച്ച പ്ലാന്റുകളില്‍ വെന്റിലേറ്റര്‍ നിര്‍മ്മാണം നടത്താനാണ് മഹീന്ദ്രയുടെ തീരുമാനം. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചു. വൈറസിനെ തുരത്താനുള്ള പോരാട്ടത്തില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നവര്‍ക്കായും മറ്റും തങ്ങളുടെ റിസോര്‍ട്ടുകള്‍ നല്‍കാമെന്ന് മഹീന്ദ്രാ ഹോളിഡെയ്‌സും അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ