| Wednesday, 29th July 2020, 11:50 am

'മതേതര-ജാതി വിരുദ്ധ രാഷ്ട്രീയം ഹിന്ദുത്വ ഫാസിസത്തിന് ശക്തമായ ഭീഷണിയാണെന്ന് സര്‍ക്കാരിനറിയാം'; ഹാനി ബാബുവിന്റെ അറസ്റ്റില്‍ അരുന്ധതി റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ  അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിന്റെ അറസ്റ്റില്‍ പ്രതികരണം രേഖപ്പെടുത്തി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഭീമ കൊറേഗാവ് കൊറേഗാവ് കേസില്‍ നിരന്തരമായി ആക്ടിവിസ്റ്റുകളെയും അക്കാദമീഷ്യന്‍മാരെയും അറസ്റ്റ് ചെയ്യുന്ന നടപടി ഈ സര്‍ക്കാരിന്റെ വ്യക്തമായ ധാരണയുടെ പ്രകടിത രൂപമാണെന്ന് അരുന്ധതി റോയ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അത് ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

അരുന്ധതി റോയിയുടെ പ്രതികരണം

ജാതി വിരുദ്ധ ആക്ടിവിസ്റ്റും ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസറുമായ ഹാനി ബാബുവിന്റെ അറസ്റ്റ്, ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ നടത്തി വരുന്ന അറസ്റ്റ് പരമ്പരകളില്‍ ഏറ്റവും പുതിയതാണ്. ഈ കേസില്‍ ആക്ടിവിസ്റ്റുകളെയും അക്കാദമീഷ്യന്‍മാരെയും അഭിഭാഷകരെയും തുടര്‍ച്ചയായി നിഷ്ഠൂരമായി അറസ്റ്റുചെയ്യുന്ന നടപടി ഈ സര്‍ക്കാരിെന്റ വ്യക്തമായ ധാരണയുടെ പ്രകടിതരൂപമാണ്. ഈ വ്യക്തികള്‍ പ്രതിനിധീകരിക്കുന്ന ശക്തമായി ഉയര്‍ന്ന് വരുന്ന മതേതര ജാതി വിരുദ്ധ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദു ഫാസിസത്തിന് വ്യക്തമായ ബദല്‍ ആഖ്യാനം നല്‍കുമെന്ന് ഭരണകൂടത്തിനറിയാം.

ആ രാഷ്ട്രീയം ഈ രാജ്യത്തെ പ്രതിസന്ധിയിലേക്കും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെയും, വിരോധാഭാസമായി സ്വന്തം അണികളുടെയും കൂടി  ജീവിതത്തെ ഇരുളിലാഴ്ത്തുകയുംചെയ്ത ഹിന്ദു ഫാഷിസത്തിനും അതിന്റെ ഹിന്ദുദേശീയവാദ രാഷ്ട്രീയത്തിനും വ്യക്തമായ ഭീഷണി ഉയര്‍ത്തുന്നതായും (സാംസ്‌കാരികമായും സാമ്പത്തികപരമായും അതുപോലെ രാഷ്ട്രീയമായും) സര്‍ക്കാര്‍ തിരിച്ചറിയുന്നതിന്റെയും പ്രകടിത രൂപമാണ് ഈ അറസ്റ്റുകള്‍.

ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകനാണ് ഹാനി ബാബു.

ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലിസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.

ലാപ്ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്.

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാമായ നിരവധി പേര്‍ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേറിയ, വരവരറാവു, ആനന്ദ് തെല്‍തുംദെ, ഗൗതം നവലാഖ് എന്നിവരെല്ലാം കേസില്‍ ഇതിനകം അറിയപ്പെട്ട പ്രമുഖരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more