തിരുവനന്തപുരം: തിരുവന്തപുരത്ത് കൊല്ലപെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ അനുസ്മരണത്തിനിടെ സി.പി.ഐ.എമ്മിനെ കടന്ന് ആക്രമിച്ച്
കേന്ദ്ര ധന, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സി.പി.ഐ.എം നിലപാടുകളോടു യോജിക്കാത്തവരെ ഉന്‍മൂലനം ചെയ്യുന്ന സാഹചര്യമാണു കേരളത്തിലുള്ളത്.വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യുന്ന രീതി ആശാസ്യമാണോ എന്നു പരിശോധിക്കണം അരുണ്‍ ജയ്റ്റ്‌ലി പറയുന്നു.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം നടത്തിയ അനുസ്മരണ സമ്മേളനത്തിലാണ് ജയ്റ്റ്‌ലിയുടെ വിമര്‍ശനം.രക്തസാക്ഷികളുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. കേരളത്തിലെ സര്‍ക്കാര്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലാതാക്കാനാണു ശ്രമിക്കുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.
കേരളം ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്. കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളാണ്. പക്ഷേ, അവര്‍ക്ക് ആവശ്യമായ തൊഴില്‍ ഇവിടെ ലഭിക്കുന്നില്ല. രാജ്യത്തിനു പുറത്തുപോയി കഷ്ടപ്പെട്ടു ജീവിക്കുകയാണ്. പ്രകൃതി മനോഹരമായ സ്ഥലമാണിത്. ഇത്രയും അവസരങ്ങളുണ്ടായിട്ടും എന്തു കൊണ്ടാണു സര്‍ക്കാരിന് അതിന്റെ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്തത്. അരുണ്‍ ജയ്റ്റ്‌ലി ചോദിച്ചു.
രാവിലെ തിരുവനന്തപുരത്തെത്തിയ അരുണ്‍ ജയ്റ്റ്‌ലിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എം.പിമാരായ നളിന്‍കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എം.എല്‍.എ, വി. മുരളീധരന്‍, എം.ടി. രമേശ്, പി.സി. തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
അതിനിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും അടുത്തയാഴ്ച കേരളത്തിലെത്തും.