മൊഴിമാറ്റം | ഷഫീക്ക് എച്ച്.
കഴിഞ്ഞ ദിവസം കേരള സര്‍വ്വകലാശാലയുടെ അയ്യാങ്കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര സെമിനാറില്‍ പ്രശസ്ത സാഹിത്യകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയി നടത്തിയ അയ്യങ്കാളി അഡ്രസ് ആണ് ഈ പ്രഭാഷണം. ഇതേചുറ്റി ഇപ്പോള്‍ സംവാദമുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രഭാഷണം വായിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.
മാധ്യമങ്ങള്‍ കൊടുത്ത റിപ്പൊര്‍ട്ടുകളെ അധികരിച്ചുള്ള നിഗമനങ്ങള്‍ പലപ്പോഴും ഏകപക്ഷീയമായിപ്പോകാം. വിവിധമാനങ്ങളുണ്ട് ഈ പ്രഭാഷണത്തിന്. അതുകൊണ്ട് തന്നെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.
വിവിധ വിമര്‍ശനങ്ങള്‍ അരുന്ധതിറോയിക്കെതിരെ ഉയര്‍ന്നുവരുമ്പോഴും ഗാന്ധി വിമര്‍ശനാതീതനാണെന്ന വാദഗതിയോട് കലഹിക്കാതെവയ്യ. അരുന്ധതിയുടെ വാക്കുകള്‍ കൂടിക്കേട്ടിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത് കുറച്ചുകൂടി ജനാധിപത്യപരമായിരിക്കും.
ഈ പ്രഭാഷണം യുടൂബില്‍ അപ്പ് ചെയ്ത് സഹായിച്ച രാഹുല്‍ ഹമ്പിള്‍ സനല്‍, ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയപ്പോള്‍ എഡിറ്റ് ചെയ്ത് സഹായിച്ച പ്രവീണ്‍ എന്നിവര്‍ക്ക് സ്‌നേഹം.
അരുന്ധതി റോയിയുടെ പ്രസംഗം പൂര്‍ണ രൂപം
നമ്മള്‍ ഇവിടെ ഒരുമിച്ചെത്തിയത് കേവലമൊരു ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായല്ല. നമുക്ക് ജാതി വിശകലനത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇത് എല്ലാവര്‍ക്കും വേണ്ടിയാണ്, സമൂഹത്തിനൊന്നാകെ വേണ്ടിയാണ്. കാരണം നമ്മുടെ ആത്മാവില്‍ ജാതിയുള്ളിടത്തോളം ചൈനയെപ്പോലെ അല്ലെങ്കില്‍ അമേരിക്കയെപ്പോലെയാവുക എന്നത് നമുക്ക് മറക്കാം.
നമ്മുടെ നായകന്മാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചിലത് പുതുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 1919ല്‍ കേരളത്തില്‍ ഒരു നായകനുണ്ടായിരുന്നു. അതുപോലെത്തന്നെ ദളിതുകള്‍ക്ക് വിദ്യാഭ്യാസത്തിനായി പോരാടുന്ന ഒരു പ്രസ്ഥാനവുമുണ്ടായിരുന്നു. അക്കാലത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. അദ്ദേഹം ജാതിക്കെതിരെ പോരാടി, ദക്ഷിണാഫ്രിക്കയിലെ വംശീയതയ്‌ക്കെതിരെ പോരാടി എന്നതാണല്ലോ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഐതിഹ്യം.
ചില യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യാന്‍ സമയമായിരിക്കുന്നു. കാരണം ഒരു രാജ്യത്തിന്റെ ആദര്‍ശഭാവങ്ങള്‍ ഒരിക്കലും നുണകളെ അടിസ്ഥാനപ്പെട്ടുത്തിയുള്ളതാവാന്‍ പാടില്ല.
1913 ല്‍ തിരികെ ഇന്ത്യയിലെത്തിയപ്പോഴേയ്ക്കും അദ്ദേഹം “മഹാത്മ” എന്ന് വിളിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മഹാത്മാഗാന്ധിയെ കുറിച്ച് നമ്മള്‍ സ്‌കൂളില്‍ വെച്ച് പഠിച്ച, അദ്ദേഹത്തെ കുറിച്ച് നമ്മള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ആ കഥ വാസ്തവത്തില്‍ ഒരു കള്ളമായിരുന്നു എന്ന് ഞാന്‍ പറയട്ടെ. ആ സത്യം അംഗീകരിക്കേണ്ട സമയമായിരിക്കുന്നു.
ചില യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യാന്‍ സമയമായിരിക്കുന്നു. കാരണം ഒരു രാജ്യത്തിന്റെ ആദര്‍ശഭാവങ്ങള്‍ ഒരിക്കലും നുണകളെ അടിസ്ഥാനപ്പെട്ടുത്തിയുള്ളതാവാന്‍ പാടില്ല.
ഇവിടെ ദളിത് മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മഹാത്മാ അയ്യങ്കാളി പോരാടുമ്പോള്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ദളിത് ജനതയെ കുറിച്ച് ഗാന്ധിയെന്താണ് പറഞ്ഞിരിക്കുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വായിച്ചുതരാം. ദക്ഷിണാഫ്രിക്കയില്‍ രണ്ട് തരത്തിലുള്ള ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. വ്യാപാരികളായ യാത്രികരായിരുന്നു അവരിലൊരു വിഭാഗം. അവര്‍ ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടു. രണ്ടാമത്തെ വിഭാഗമാവട്ടെ നിര്‍ബന്ധിത കരാര്‍ തൊഴിലാളികളും (indentured laborer). അവരില്‍ ഭൂരിഭാഗവും കീഴാള വര്‍ഗങ്ങളിലലോ ജാതികളിലോ പെട്ടവരായിരുന്നു.
ആ നിര്‍ബന്ധിത തൊഴിലാളികളെ കുറിച്ച് ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്;
“അവര്‍ ഹിന്ദുക്കളോ മുഹമ്മദന്‍മാരോ ആയിക്കൊള്ളട്ടെ; അവര്‍ക്ക് പറയാന്‍ പറ്റുന്ന വിധം ഏതെങ്കിലും തരത്തിലുള്ള ധാര്‍മികമോ മതപരമോ ആയ ഒരു ബോധനവും ലഭിച്ചിട്ടില്ല. ആവശ്യത്തിന് വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. ഇതുകൂടാതെ ചെറിയ പ്രലോഭനങ്ങള്‍ക്കുപോലും കള്ളം പറയാനുള്ള വാസന അവര്‍ക്കുണ്ട് താനും. കുറച്ചുകഴിയുമ്പോള്‍ ഈ കള്ളം പറയുക എന്നത് അവര്‍ക്ക് ഒരു ശീലമായും ഒരു രോഗമായും മാറും. ഒരു കാരണവുമില്ലാതെ ശരിയായ രീതിയിലല്ലാതെ, തങ്ങള്‍ ചെയ്യുന്നതെന്താണെന്നു പോലും അറിയാതെ ഭൗതികമായ സമൃദ്ധിയിലൂടെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോലുമല്ലാതെ കള്ളം പറയുന്ന രീതിയിലവര്‍ എത്തിച്ചേരും. തങ്ങളുടെ ധാര്‍മികമായ കഴിവുകളൊക്കെ തകര്‍ന്നടിഞ്ഞ് അവഗണിക്കപ്പെട്ടവരാകുന്ന സ്ഥിതിലാകും അവര്‍ എത്തിച്ചേരുക. ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ” (CWMG 1, 200.)
“ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ നാമ്മളെല്ലാവരും തയ്യാറാണ്. പക്ഷെ ഈ അനുഭവം കടുത്തതു തന്നെയാണ്. വെള്ളക്കാരുടെ വര്‍ഗത്തില്‍ നമ്മളെ പെടുത്താത്തത് മനസ്സിലാക്കാം. എന്നാല്‍ ഇവിടത്തെ തദ്ദേശീയരുടെ നിലവാരത്തില്‍ നമ്മളെ പ്രതിഷ്ഠിക്കുന്നത് കുറച്ചു കൂടിപ്പോയി. നമ്മുടെ സഹനസമരം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യാക്കാരെ ഷണ്ഡീകരിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ഇവിടെ ഉപദ്രവകരമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് എന്നത് മറ്റൊരു തെളിവാണ്. ഈ ഒരു ജീര്‍ണത അടിച്ചേല്‍പ്പിക്കുന്നുണ്ടോ ഇല്ലേ എന്നതിനുമപ്പുറം, ഇത് അത്യധികം അപകടകരമാണ് എന്നാണ് എനിക്ക് പറയാനുള്ളത്.
കാഫിറുകളുടെ ഭരണം അങ്ങേയറ്റം സംസ്‌കാരശൂന്യം കൂടിയാണ്. കുറ്റവാളികളാവട്ടെ അതിലും കൂടുതലാണ്. അപകടകാരികളും (troublesome) വൃത്തികെട്ടവരും മാത്രമല്ല മൃഗങ്ങള്‍ക്കും തോട്ടികള്‍ക്കും സമാനമായ വിധമാണ് അവര്‍ ജീവിക്കുന്നതു തന്നെ. കാഫിറുകള്‍ക്കും അതുപോലെ മറ്റുള്ളവര്‍ക്കുമൊപ്പം ഇന്ത്യന്‍ ജയില്‍വാസികളെ പാര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനമെടുക്കുന്നതിന് എനിക്ക് ഇത്രയും തന്നെ ധാരാളമാണ്. നമ്മളും അവരും തമ്മില്‍ ഒരു പൊതുവായ ഇടമുണ്ട് എന്ന് ധരിക്കരുത്. ഒരേ മുറിയില്‍ അവരോടൊപ്പം കഴിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ ചില നിഗൂഢ ഉദ്ദേശങ്ങളുണ്ടായിരിക്കും.” (Indian Opinion, 7-3-1908, CWMG Vol. 8, pg 135 and Indian Opinion, 6-1-1909, CWMG Vol. 9, pg 149 )
ഗാന്ധി-അംബേദ്കര്‍ സംവാദങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ആരംഭിക്കുന്നതു മുതല്‍ തന്നെ, വാസ്തവത്തില്‍ ആഫ്രിക്കയിലുള്ള ഗാന്ധിയെ ഞാന്‍ പിന്തുടര്‍ന്നിരുന്നു. ജാതിയോട് ഗാന്ധി എന്ത് സമീപനമാണ് വെച്ചുപുലര്‍ത്തിയിരുന്നത് എന്ന് അറിയാനാണ് ഭൂതകാലത്തിലേക്ക് പോയത്. വംശത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമറിയനും പിന്നീട് എനിക്ക് ഭൂതകാലത്തിലേയ്ക്ക് പോകേണ്ടി വന്നു.
അടുത്ത പേജില്‍ തുടരുന്നു
ജാതി വ്യവസ്ഥ എന്ന കിരാതമായ സാമൂഹ്യ ശ്രേണീബദ്ധ വ്യവസ്ഥയെ സ്വീകരിക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള അഹിംസാ സിദ്ധാന്തത്തെ തന്റെ ജീവിതത്തിലുടനീളം വെച്ചുപുലര്‍ത്തിയ വ്യക്തിയായിരുന്നു എല്ലായ്‌പ്പോഴും ഗാന്ധി. എന്താണിതിനര്‍ത്ഥം? എന്താണിത് നമ്മോട് പറയുന്നത്?
നീതിയുടെ കോടതിയില്‍ നിങ്ങള്‍ നീതിയല്ല വെയ്ക്കുന്നതെന്നതുകൊണ്ടാണ് നമ്മുടെ വര്‍ത്തമാനകാല സംവാദങ്ങള്‍ പോലും തീരെ ദുര്‍ബ്ബലമായിപ്പോകുന്നത്.
ജാതിവ്യവസ്ഥയിലെ ജനങ്ങളുടെ പരമ്പരാഗതമായ തൊഴിലുകള്‍ നിലനിര്‍ത്തണം എന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം. തന്റെ ജീവിതത്തിലുടനീളം തോട്ടിപ്പണിക്കാരന്‍ തോട്ടിപ്പണിക്കാരനായി നിലനില്‍ക്കേണ്ടതാണ് എന്നാണ് ഈ മനുഷ്യന്‍ വിശ്വസിച്ചിരുന്നത്. “മൈ ഐഡിയല്‍ ഭാംഗി”, അഥവാ എന്റെ മാതൃകാ തോട്ടിപ്പണിക്കാരന്‍ എന്ന ലേഖനത്തില്‍ മഹാത്മാ ഗാന്ധി പറഞ്ഞിരിക്കുന്നത് ഞാന്‍ വായിച്ചു കേള്‍പ്പിക്കാം.
ഗാന്ധിയെ പോലെയുള്ള ഒരാളുടെ പേരാണോ അതോ അയ്യങ്കാളിയെ പോലെയുള്ള ഒരാളുടെ പേരാണോ സര്‍വ്വകലാശാലയ്ക്കിടേണ്ടത്? ഇതാണെന്റെ ചോദ്യം. ചില അവസരങ്ങളിലെങ്കിലും നമുക്ക് വഞ്ചന അവസാനിപ്പിക്കേണ്ടതുണ്ട്. കാലങ്ങളോളം നമ്മള്‍ സ്വയം പറഞ്ഞുവന്ന കള്ളം ചില അവസരങ്ങളിലെങ്കിലൂം തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ പുതുതായി ഞാന്‍ ഒന്നും പറയുന്നില്ല. ഗാന്ധിയെ ഉദ്ദരിക്കുകമാത്രമാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്. ഒരു ജഡ്ജുമെന്റിനും ഞാന്‍ മുതിരുന്നുമില്ല.
1936ലാണ് പ്രശസ്ഥമായ, ഏറ്റവും വിപ്ലവകരമായ ഗ്രന്ഥങ്ങളിലൊന്നായ “ജാതി ഉന്‍മൂലനം” എന്ന ഗ്രന്ഥം രചിക്കപ്പെടുന്നത്. ഡോ. അബേദ്കറാണ് അതെഴുതിയത്. ഇന്നും നിലനില്‍ക്കുന്ന വ്യവസ്ഥയ്‌ക്കെതിരെയുള്ള രോഷം മുഴുവനും ഉള്ളടങ്ങിയ ഏറ്റവും സമര്‍ത്ഥമായ ബൗദ്ധിക ഗ്രന്ഥമാണത്.
“നല്ല രീതിയിലുള്ള ഒരു കക്കൂസ് എങ്ങനെയായിരിക്കണം ഉണ്ടാക്കേണ്ടതെന്നും അത് വൃത്തിയാക്കാനുള്ള രീതിയെ കുറിച്ചും അയാള്‍ [തോട്ടി] അറിഞ്ഞിരിക്കണം. തീട്ടം തടഞ്ഞു നില്‍ക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്നും അത്തരത്തിലുള്ള കാര്യങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും ഒപ്പം വിവിധ തരത്തിലുള്ള അണുബാധ എങ്ങനെ ഇല്ലാതാക്കാമെന്നൊക്കെ അയാള്‍ക്ക് അറിവുണ്ടാവണം. തീട്ടവും മൂത്രവും വളമാക്കി മാറ്റാനുള്ള പ്രക്രിയയൊക്കെ അയാള്‍ അറിഞ്ഞിരിക്കണം. അതുമാത്രമല്ല, എന്റെ മാതൃകാ തോട്ടിക്ക് തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗുണം വരെ അറിയാന്‍ കഴിയണം. അതില്‍ നല്ലശ്രദ്ധാലുവയിരിക്കും അയാള്‍, മാത്രവുമല്ല അതിന്റെ അടിസ്ഥാനത്തില്‍ അതത് വ്യക്തികള്‍ക്ക് സമയാസമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനും അയാള്‍ക്ക് കഴിയും.”
ഇപ്പോള്‍ കാലങ്ങള്‍ക്ക് ശേഷം നമ്മുടെ പ്രധാനമന്ത്രി മോദിയും ഒരു പുസ്തകമെഴുതിയിരിക്കുന്നു; “കോള്‍ മി ഭാംഗി” (Call Me Bhangi). അതില്‍ അദ്ദേഹം പറയുന്നത്, (ഇവിടെ അദ്ദേഹവും ഭാംഗി സമുദായത്തെകുറിച്ചാണ് സംസാരിക്കുന്നത്);
“തങ്ങളുടെ ജീവനോപാധി കണ്ടെത്താന്‍ വേണ്ടിയാണ് അവര്‍ ആ ജോലി ചെയ്യുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ തലമുറകളോളം അവരത് ചെയ്യുമായിരുന്നില്ല. തങ്ങള്‍ ഇത് ചെയ്യുന്നത് സമൂഹത്തിന്റെ മൊത്തം സന്തോഷത്തിനുവേണ്ടിയുള്ള തങ്ങളുടെ ചുമതലായായാണെന്ന് ചിലയവസരങ്ങളില്‍ അവരില്‍ ചിലരെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ദേവന്‍മാര്‍ (Gods) അവര്‍ക്ക് നല്‍കിയ ജോലിയാണ് അവര്‍ ചെയ്യുന്നത്. ആന്തരികമായ ആത്മീയ പ്രവര്‍ത്തനം എന്ന നിലയിലാണ് ഈ തൊഴില്‍ നൂറ്റാണ്ടുകളായി അവര്‍ തുടര്‍ന്നു വരുന്നതും.”
അധികാരമുള്ള വ്യക്തികള്‍ (Powerful people) ഇങ്ങനെയാണ് വിശ്വസിച്ചിരുന്നത്. അപ്പോള്‍ സര്‍വ്വകലാശാലകള്‍ക്കും ബസാറുകള്‍ക്കും പ്രതിമകള്‍ക്കും പദ്ധതികള്‍ക്കും ഇത്തരം ആള്‍ക്കാരുടെ പേരാണോ നല്‍കേണ്ടത് എന്നാണ് നമ്മള്‍ നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം. അല്‍പം കൂടി സത്യസന്ധത കാണിക്കേണ്ട സമയമായില്ലേ?
അടുത്ത പേജില്‍ തുടരുന്നു
ജാതിയെ കുറിച്ച് ചെറിയൊരു പ്രബന്ധം അവതരിപ്പിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. ഇന്ന് എങ്ങനെയാണ് നമ്മുടെ സര്‍ക്കാര്‍ തങ്ങള്‍ “ഹിന്ദുരാഷ്ട്ര”ത്തിന്റെ സര്‍ക്കാരണെന്ന് സ്വയം പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നത്? ഒരു “ഹിന്ദു ദേശം” എന്നാണ് അവര്‍ അഭിമാനം കൊള്ളുന്നത്? എങ്ങനെയാണ് ഹിന്ദുത്വം എന്ന ആശയം ആദ്യമായി ഉണ്ടാവുന്നത്?
“40 ദശലക്ഷം” ദളിതുകള്‍ മതപരിവര്‍ത്തനം ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ഭീകരമായിരിക്കുമെന്ന് അവര്‍ തീരുമാനിച്ചു!
17ാം നൂറ്റാണ്ടിന്റെ തുടക്കത്തിലവും അതിനും മുമ്പും ലക്ഷക്കണക്കിന് കീഴാള ജാതികള്‍, ദളിതുകള്‍ ക്രിസ്തുമതത്തിലേയ്ക്കും ഇസ്‌ലാം മതത്തിലേയ്ക്കും പരിവര്‍ത്തനം ചെയ്തിരുന്നു. അന്ന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ആരും അത് ശ്രദ്ധിക്കുക കൂടി ചെയ്തിരുന്നില്ല. 20-ാം നൂറ്റാണ്ടില്‍ ദേശരാഷ്ട്ര സങ്കല്‍പ്പത്തെ സാമ്രാജ്യമെന്ന ആശയം അട്ടിമറക്കാനാരംഭിച്ചപ്പോള്‍, ഇന്ത്യയുടെ ചക്രവര്‍ത്തിയായിത്തീരാന്‍ ദല്‍ഹിയിലേയ്ക്ക് തേരുരുട്ടാനുള്ള ശക്തി തങ്ങള്‍ക്കില്ലെന്ന് വന്നപ്പോള്‍, പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും ഉയര്‍ന്നു വന്നു. പിന്നെ എണ്ണത്തിന്റെ പ്രശ്‌നമായി അത് മാറിത്തീര്‍ന്നു.
ആ അവസരത്തിലാണ് മേല്‍ജാതി ഹിന്ദുക്കള്‍ വിശേഷാധികാരമുള്ള ജാതികളാകാന്‍ (privileged castes) തീരുമാനിക്കുന്നത്. “40 ദശലക്ഷം” ദളിതുകള്‍ മതപരിവര്‍ത്തനം ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ഭീകരമായിരിക്കുമെന്ന് അവര്‍ തീരുമാനിച്ചു! അങ്ങനെയാണ് മൊത്തം മേല്‍ജാതി ഹിന്ദു പരിഷ്‌കരണപ്രസ്ഥാനങ്ങളും ആരംഭിക്കുന്നത്. അതിലൊന്നാണ് ഗാന്ധിയും.
പുരാതനഗ്രാന്ഥങ്ങള്‍ നിങ്ങള്‍ വായിച്ചു നോക്കിയാല്‍, ഹിന്ദുക്കളായിരുന്നവര്‍ ഒരിക്കലും തങ്ങളെ ഹിന്ദുവെന്ന് അവയില്‍ പരാമര്‍ശിച്ചിട്ടില്ല. അവര്‍ ജാതിപ്പേരുകളിലാണ് അവയില്‍ അറിയപ്പെട്ടിരുന്നത്. അപ്പോള്‍ “മതപരമായ സ്വത്വ”മായല്ല മറിച്ച് രാഷ്ട്രീയമായ സ്വത്വമായിത്തീരുകയായിരുന്നു ഹിന്ദു. അവര്‍ ഹിന്ദുരാഷ്ട്രത്തെ കുറിച്ച്, ഹിന്ദു വംശത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി. അങ്ങനെയാണ് ഹിന്ദുത്വം ആരംഭിക്കുന്നത്.
ഇന്ന് നിങ്ങളുടെ മുന്നില്‍ മതനിരപേക്ഷ ലിബറലുകളുണ്ട്. അവരും ഗാന്ധിയും തമ്മിലുള്ള സംവാദമുണ്ട്. മതനിരപേക്ഷവാദികള്‍ പറയും; “ഹോ!! ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അവര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്നും നിങ്ങള്‍ പെരുപ്പിച്ച് പറയുകയാണ്” എന്നാണ് മതനിരപേക്ഷര്‍ ഹിന്ദുത്വവാദികളോട് പറയുന്നത്. അതേസമയം ഹിന്ദുത്വം പറയുന്നത്; “അല്ല. അത് സംഭവിച്ചിട്ടുണ്ട്. അവര്‍ നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ത്തു, നമ്മുടെ സംസ്‌കാരത്തെ നശിപ്പിച്ചു” എന്നാണ്.
നിങ്ങള്‍ നിങ്ങളുടെ ചിന്താമണ്ഡലങ്ങളുടെ കേന്ദ്രസസ്ഥാനത്ത് നീതിയെ പ്രതിഷ്ഠിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്ന കഥകള്‍ വ്യത്യസ്തമായിരിക്കും.
അതേസമയം നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജാതിവിരുദ്ധ ബുദ്ധിജീവികളിലെ ആദ്യകാല മാതൃകകളിലൊന്നായ ജ്യോതിഭാ ഫൂലെയെപോലെയുള്ളവരെയും കാണാന്‍ കഴിയും. അദ്ദേഹം പറഞ്ഞത്, “ശരിയാണ്, അവര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു. അവര്‍ അങ്ങനെ ചെയ്തതിന് ദൈവത്തോട് നന്ദി പറയുന്നു. അവരുടെ തീന്‍മുറികളില്‍ നമ്മളെയും അവര്‍ ക്ഷണിച്ചു. ജനങ്ങള്‍ ആഘോഷിച്ച ജാതിവ്യവസ്ഥയെ അവര്‍ മൊത്തത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു.”
നീതിയുടെ കോടതിയില്‍ നിങ്ങള്‍ നീതിയല്ല വെയ്ക്കുന്നതെന്നതുകൊണ്ടാണ് നമ്മുടെ വര്‍ത്തമാനകാല സംവാദങ്ങള്‍ പോലും തീരെ ദുര്‍ബ്ബലമായിപ്പോകുന്നത്. ഡോ. ജ്ഞാനേശ്വര്‍ എന്നെ പരിചയപ്പെടുത്തുന്ന വേളയില്‍ “അവര്‍ എപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയൊപ്പമാണ്” എന്ന് പറയുകയുണ്ടായി. എന്നെ കുറിച്ച് എനിക്ക് വ്യത്യസ്തമായ ഒരു നിലപാടാണുള്ളത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായ ഒരു എഴുത്തുകാരിയാണ് ഞാനെന്ന് ചിലര്‍ പരിചയപ്പെടുത്തുമ്പോള്‍ പ്രത്യാശ തോന്നാറുണ്ട്. എന്നാല്‍ ശബ്ദമില്ലാത്തവര്‍ എന്നതുപോലെയുള്ള എന്തെങ്കിലുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഇവിടെയുള്ളത് ബോധപൂര്‍വ്വം നിശബ്ദരാക്കപ്പെട്ടവരാണ്. ആരും തന്നെ ശബ്ദമില്ലാത്തവരായി ഇല്ല. ഞാന്‍ ആരെയും പ്രതിനിധാനം ചെയ്യാനും ഉദ്ദേശിക്കുന്നില്ല.
നമ്മള്‍ നമ്മളോട് തന്നെ ചോദിക്കണം, നമ്മള്‍ എന്തുതരം മനുഷ്യരാണ്? സമൂഹത്തിന്റെ ആത്മാവില്‍ നീതിയെ പ്രതിഷ്ഠിച്ചവരാണോ നമ്മള്‍? അതോ അനീതിയെ സ്ഥാപനവല്‍ക്കരിക്കുന്നതില്‍ ആനന്ദിക്കുന്നവരോ? മറ്റുള്ളവരില്‍ നിന്നും ചിലര്‍ക്ക് കൂടുതല്‍ അധികാരാവകാശങ്ങള്‍ ഉണ്ടെന്ന് വാസ്തവത്തില്‍ വിശ്വസിക്കുന്ന രോഗാതുരരായ വ്യക്തിത്വങ്ങളല്ലേ നമ്മള്‍?
അതെ. നമ്മള്‍ അത്തരത്തിലുള്ളവരാണ്; വളരെ വളരെ രോഗം ബാധിച്ചവര്‍. നിങ്ങള്‍ നിങ്ങളുടെ ചിന്താമണ്ഡലങ്ങളുടെ കേന്ദ്രസസ്ഥാനത്ത് നീതിയെ പ്രതിഷ്ഠിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്ന കഥകള്‍ വ്യത്യസ്തമായിരിക്കും.
അടുത്ത പേജില്‍ തുടരുന്നു
പുതിയ സാമ്പത്തികാവസ്ഥ എങ്ങനെയാണ് ജാതിവ്യവസ്ഥയെ തകര്‍ക്കുന്നതെന്ന് ഇന്ന് ധാരാളമായി ആളുകള്‍ സംസാരിക്കുന്നുണ്ട്. പുതിയ നെറ്റ്‌വര്‍ക്കിനെ കുറിച്ചും മറ്റും അവര്‍ സംസാരിക്കുന്നുണ്ട്. ജാതിയും പുതിയ കോര്‍പ്പറേറ്റ് മുതലാളിത്തവും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചെറിയൊരു വിവരണത്തിലേയ്ക്ക് കടക്കാന്‍ ഞാനാഗ്രഹിക്കുന്നു.
100 കോടി (1 billion) ജനസംഖ്യയുള്ള ഈ രാജ്യത്ത് 80 കോടി (800 million) ജനങ്ങള്‍ കേവലം 20 രൂപകൊണ്ട് ജീവിക്കുന്നവരാണ്.
“ഹിന്ദു”വിലേയ്ക്ക് ദളിതരെ എത്തിക്കുക എന്നതാണ് ആശയം. എന്നാല്‍ ഹിന്ദുത്വസര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത് കാണിക്കുന്നത് അതിന് മുസ്‌ലീങ്ങലുടെ വോട്ടുകളോ ദളിതുകളുടെ വോട്ടുകളോ ആവശ്യമില്ല എന്നാണ്. കാരണം ഹിന്ദുത്വത്തോട് ചായ്‌വുള്ള, “ഒ.ബി.സി” (അദര്‍ ബാക്കവാര്‍ഡ് കാസ്റ്റ്) എന്ന വാക്കുകൊണ്ട് ലളിതമായി വിളിക്കാന്‍ കഴിയുന്ന സാമൂഹ്യ വിഭാഗത്തെ പൂര്‍ണമായും അവര്‍ക്ക് നേടാനായിരിക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഇതെന്താണ് അര്‍ത്ഥമാക്കുന്നത്?
100 കോടി (1 billion) ജനസംഖ്യയുള്ള ഈ രാജ്യത്ത് 80 കോടി (800 million) ജനങ്ങള്‍ കേവലം 20 രൂപകൊണ്ട് ജീവിക്കുന്നവരാണ്. ഗാന്ധിക്ക് ദശലക്ഷക്കണക്കിനാളുകളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദണ്ഡിമാര്‍ച്ച് നാം ആഘോഷിക്കാറുണ്ട്. അദ്ദേഹത്തെ നമ്മള്‍ ഏതുവിധത്തില്‍ വിമര്‍ശിച്ചാലും ശരി അദ്ദേഹം നല്ലൊരു സംഘാടകനല്ല എന്ന് പറയാനാവില്ല.
ഉപ്പിന്‍മേലുള്ള നികുതിക്കെതിരെയാണ് അദ്ദേഹം ദണ്ഡിമാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ പൊതു ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ നമ്മുടെ ആളുകളെ നമ്മുടെ ആളുകള്‍ തന്നെ തടയുന്ന ഒരു രാജ്യത്ത് നടന്ന “മഹത് സത്യാഗ്രഹം” നമ്മള്‍ ഓര്‍ക്കാറുപോലുമില്ല. അതായിരുന്നു യഥാര്‍ത്ഥത്തില്‍ സത്യാഗ്രഹം. എന്നാല്‍ അതിനെ ദുരാഗ്രഹമായിപ്പോലും ചിത്രീകരിച്ചിട്ടുണ്ട്. വെള്ളത്തിനുവേണ്ടി, പൊതുജലത്തിന്റെ ലഭ്യതയ്ക്കുവേണ്ടിയാണ് മഹത് സത്യാഗ്രഹം സംഘടിപ്പിക്കപ്പെട്ടതെങ്കില്‍ ഉപ്പിന്‍മേലുള്ള നികുതിക്കെതിരെയായിരുന്നു ഉപ്പ് സത്യാഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. ഇന്ന് ഉപ്പ് വ്യാപാരം നിയന്ത്രിക്കുന്നത് ടാറ്റയാണ്. അപ്പോള്‍ ഇവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്?
വസ്തുതകള്‍ പരിശോധിച്ചാല്‍ നമ്മുടെ ജി.ഡി.പിയുടെ 25 ശതമാനത്തില്‍ കൂടുതല്‍ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം നൂറോളമാണെന്ന് കാണാന്‍ കഴിയും. റിലയന്‍സ്, അധാനി, മിത്തല്‍ മുതലായ ഈ കോര്‍പ്പറേറ്റുകളെ ഒന്നുകൂടി നിരീക്ഷിച്ചാല്‍ ഇവയെല്ലാം തന്നെ പ്രവര്‍ത്തിപ്പിക്കുന്നത് ബനിയകളാണെന്നു കാണാം. അംബാനി, മിത്തല്‍, ബിര്‍ല, ജിണ്ടാള്‍, അധാനി… മുമ്പന്തിയില്‍ നില്‍ക്കുന്ന ഈ കോര്‍പ്പറേറ്റുകളെല്ലാം, അഥവാ ഈ സമ്പത്തെല്ലാം തന്നെ നിയന്ത്രിക്കുന്നത് ബനിയകളാണ്. അവരാണ് ഇവയുടെ ഉടമസ്ഥര്‍.
കീഴ്ത്തട്ടിലേയ്ക്ക് പോയാലോ, ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റുകളെ ചുറ്റിയിരിക്കുന്ന ആദിവാസികള്‍, അവരെ ചുറ്റിയിരിക്കുന്നത് ബനിയ ടെയ്‌ലേഴ്‌സാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാമ്പത്തികം മുഴുവന്‍ നിയന്ത്രിക്കുന്നത് 2.7 ശതമാനം ജനങ്ങളാണ്.
ആരാണ് ന്യൂസ്‌പേപ്പറുകളുടെ ഉടമസ്ഥര്‍? ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സപ്രസ്, സീ ടിവി? ഇപ്പോള്‍ റിലയന്‍സ് 27 ന്യൂസ് ചാനലുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മീഡിയയെ മുഴുവനും സ്വന്തമാക്കിയിരിക്കുന്നത് ബനിയകളാണ്. അവരെ നിയന്ത്രിക്കുന്നതോ ബ്രാഹ്മണണരും. കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നതും ബനിയകള്‍ തന്നെയാണ്. അതുകൊണ്ട് മുതലാളിത്തവും ജാതിയും ഒന്നായിത്തീരുകയും ഇന്ന് അത് മൊത്തം മുതലാളിത്തത്തിന്റെയും മാതാവായി മാറുകയും ചെയ്തിരിക്കുന്നു.
അതേസമയം, ഓരോ 60 മിനിറ്റുകളിലും ദളിതുകള്‍ക്കെതിരെ അദളിതുകളുടെ ഒരു ആക്രമണം വെച്ച് നടക്കുന്നുണ്ടെന്നാണ് ദേശീയ ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ ദിവസവും നാല് ദളിത് സ്ത്രീകള്‍ മേല്‍ജാതിക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ ആഴ്ച്ചയിലും 13 ദളിതര്‍ കൊല്ലപ്പെടുന്നു, ആറ് ദളിതര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നു.
2002 ദളിത് കൂട്ട ബലാത്സംഗങ്ങളുടെ വര്‍ഷമായാണ് ലോകമെങ്ങും അറിയപ്പെടുന്നത്. 1574 ദളിത് സ്ത്രീകളാണ് ബലാത്സംഗത്തിന് വിധേയമായത്. എന്നാല്‍ കേവലം 10 ശതമാനം പീഡന കേസുകളെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. നിങ്ങള്‍ക്ക് കണക്കുകള്‍ കാണാവുന്നതാണ്.
1919ല്‍ അമേരിക്കയില്‍ നടന്ന റെഡ് സമ്മര്‍ സംഭവത്തില്‍ കറുത്തവരായ 76 സ്ത്രീ-പുരുഷന്‍മാരാണ് കൊല്ലപ്പെടുന്നത്. ഇന്ത്യയില്‍ 2012ല്‍ 651 ദളിതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, റേപ്പിലൂടെയും കശാപ്പിലൂടെയും. കൂടാതെ പരസ്യമായി വസ്ത്രങ്ങള്‍ കീറി നഗ്നരായി നടത്തിക്കല്‍, മലം തീറ്റിക്കല്‍, കയ്യേറ്റം ചെയ്യല്‍, സാമൂഹ്യമായി ബഹിഷ്‌കരിക്കല്‍… അംബേദ്കര്‍ പറഞ്ഞപോലെ “അസ്പൃശ്യര്‍ക്ക് ഹിന്ദുയിസമെന്നു പറയുന്നത് ഭീകരതയുടെ ചേമ്പറുകളാണ്.”
ഖൈര്‍ലാഞ്ചി കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍
ഇന്ന് നമുക്കൊരു രാജ്യമുണ്ട്, 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് കരുതപ്പെടുന്ന രാജ്യം. ഇവിടെ ഇന്ത്യന്‍ സൈനികര്‍ “നമ്മുടെ ജനങ്ങള്‍”ക്കെതിരെ സൈന്യത്തെ അണിനിരത്താത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല. 1947 മുതല്‍ കാശ്മീര്‍, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, തെലങ്കാന, പഞ്ചാബ്, ഗോവ എവിടെയുമായിക്കൊള്ളട്ടെ, ഇന്ത്യന്‍ സൈന്യം സ്വന്തം ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നു.
അപ്പോള്‍ നമ്മുടെ ഈ “ജനം” ആരാണ്? ഒന്ന് ചിന്തിച്ചു നോക്കൂ. മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകള്‍, ആദിവാസികള്‍, ദളിതര്‍. മേല്‍ജാതിയുടെ ജനിതകമാണിത്. മേല്‍ജാതി ഭരണകൂടം എല്ലായ്‌പ്പോഴും മതന്യൂനപക്ഷങ്ങളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
അപ്പോള്‍ എങ്ങനെയാണ് നമ്മളിത് മാറ്റാന്‍ പോകുന്നത്? ഇത് നൂറുകണക്കിനു വ്യത്യസ്തമായ വഴികളിലൂടെ നമുക്കിതു ചെയ്യാനാവും എന്നാല്‍ നമ്മുടെ നായകന്‍മാരും നായികമാരും (heroes and heroins) ആരാകണമെന്ന് ചിന്തിക്കുന്നവരിലുള്ള മാറ്റത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളു. അയ്യങ്കാളി, സുഖേതാ ബോട്മാങ്കേ, പണ്ഡിത രമാഭായ്, സാവിത്രിഭായ് ഫൂലെ… ഇവരെ കുറിച്ചാണ് നമ്മുടെ ആള്‍ക്കാര്‍ കേള്‍ക്കേണ്ടത്.
കള്ളങ്ങള്‍ കൊണ്ടുള്ള സമുദ്രപ്രവാഹങ്ങളിലൂടെ നമുക്ക് വിറ്റിരുന്ന എല്ലാ നല്ല ആളുകളെയും നമുക്ക് മതിയായി. ഞാന്‍ ചിന്തിക്കുന്നത് നമ്മുടെ സര്‍വ്വകലാശാലയുടെ പേരുമാറ്റേണ്ടതില്ലേ എന്നാണ്.
NB: തലവാചകം ഡൂള്‍ന്യൂസ്.കോമിന്റേത്
//www.youtube.com/v/3BhEmTwEplg?version=3&hl=en_US&rel=0