അരുന്ധതി റോയിക്ക് 2024ലെ പെൻ പിൻ്റർ പ്രൈസ് അവാർഡ്
NATIONALNEWS
അരുന്ധതി റോയിക്ക് 2024ലെ പെൻ പിൻ്റർ പ്രൈസ് അവാർഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 4:39 pm

ന്യൂദൽഹി: എഴുത്തുകാരി അരുന്ധതി റോയിക്ക് 2024ലെ പെൻ പിൻ്റർ പ്രൈസ് അവാർഡ്. സ്വന്തം സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും അപകടമായിട്ടും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി പ്രവർത്തിച്ചതിനാണ് അവാർഡ്. ബ്രിട്ടീഷ് നാടകകൃത്തും തിരക്കഥാകൃത്തും നോബൽ സമ്മാന ജേതാവുമായ ഹരോൾഡ് പിൻ്ററിൻ്റെ പേരിലാണ് പുരസ്കാരം.

Also Read:സിനിമക്ക് ശേഷം ഇമോഷണലായി മെസേജയച്ചു; മറുപടി കണ്ട് ഇയാളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി: ദര്‍ശന

പെൻ പിന്റർ പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും, വലിയ വഴിത്തിരിവുകൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തേ കുറിച്ചെഴുതാൻ ഹരോൾഡ് പിൻ്റർ ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുകയാണെന്നും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അരുന്ധതി റോയ് പറഞ്ഞു.

2010 ൽ അരുന്ധതി റോയ് നടത്തിയ പ്രസ്‍താവനകൾക്കെതിരെ ഭരണകൂടം യു.എ.പി.എ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കൊടുത്തിരിക്കെയാണ് ഈ അവാർഡ്. അരുന്ധതി റോയിയെ ഈ അഭിമാനകരമായ അവാർഡിന് ഐക്യകണ്ഠേന തെരഞ്ഞെടുത്തിരി ക്കുന്നെന്നും, ഇത് സാഹിത്യത്തിനുള്ള അവരുടെ സമാനതകളില്ലാത്ത സംഭാവനയുടെ തെളിവാണെന്നും ജൂറി അംഗവും എഴുത്തുകാരനും സംഗീതജ്ഞനുമായ റോജർ റോബിൻസൺ പറഞ്ഞു.

‘റോയ് അനീതിയുടെ അടിയന്തിര കഥകൾ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നു. അവർ യഥാർത്ഥത്തിൽ ഒരു അന്താരാഷ്ട്ര ചിന്തകയാണ്, അവരുടെ ശക്തമായ ശബ്ദം നിശബ്ദമാക്കേണ്ടതില്ല.’ ജൂറിയിൽ ഉണ്ടായിരുന്ന റൂത്ത് ബോർത്ത്‌വിക്ക് പറഞ്ഞു.

‘അരുന്ധതി റോയ് സ്വാതന്ത്ര്യത്തിൻ്റെയും നീതിയുടെയും ഉജ്ജ്വലമായ ശബ്ദമാണ്, അവരുടെ വാക്കുകൾ വ്യക്തതയോടും നിശ്ചയദാർഢ്യത്തോടും കൂടിയുള്ളതാണ്. ആദ്യ പുസ്തകമായ ദി ഗോഡ് ഓഫ് സ്മോൾ തിങ്സ് മുതൽ നമ്മുടെ ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലൂടെ അവരുടെ എഴുത്തുകൾ നമ്മെ കൂട്ടികൊണ്ടു പോയി.

ഈ വർഷം, ഗസയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഴമേറിയ ചരിത്രങ്ങളെ ലോകം അഭിമുഖീകരിക്കുമ്പോൾ, പതറാത്തവരും തളരാത്തവരുമായ എഴുത്തുകാരുടെ ആവശ്യം വളരെ വലുതാണ്,’ നടനും ആക്ടിവിസ്റ്റുമായ ഖാലിദ് അബ്ദുല്ല കൂട്ടിച്ചേർത്തു.

Content Highlight: Arundhati Roy Wins PEN Pinter Prize 2024 for a ‘Writer of Courage’