ന്യൂദല്‍ഹി: ബി.ജെ.പി ഭരണത്തില്‍ രാജ്യം ഫാസിസത്തിലേക്ക് കൂപ്പുകുത്തിയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബാലഗോപാലിന്റെ പതിമൂന്നാമത് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
രാജ്യവും അതിന്റെ സ്ഥാപനങ്ങളും തന്നെ രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിയിണക്കുന്ന ഘട്ടമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. പാര്‍ട്ടിയും കോടതിയും എല്ലാം ഒന്നായാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയും ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും തമ്മില്‍ ഇപ്പോള്‍ വേര്‍തിരിവൊന്നുമില്ല. മാധ്യമങ്ങളായാലും, കോടതികളായാലും, വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും, എല്ലാം ഒന്നായി പ്രവര്‍ത്തിക്കുകയാണ്, ഒരു സ്ഥാപനത്തെപോലെ, അതാണ് ഫാസിസം.
രാജ്യത്ത് ഏകാധിപത്യമാണ് ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് മുക്ത രാജ്യമാണ് സ്വപ്നമെന്ന് പരസ്യമായി പ്രചരണം നടത്തുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളത്. പ്രതിപക്ഷ മുക്ത ഭാരതമാണ് ബി.ജെ.പിക്ക് വേണ്ടത്. അവര്‍ വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല,’ അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഒരു രാജ്യത്തേക്കാളുപരി അതിന്റെ വൈവിധ്യങ്ങള്‍ കൊണ്ട് ഒരു ഭൂഖണ്ഡത്തിന് സമാനമാണെന്നും അവര്‍ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത ന്യൂനപക്ഷങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും അരുന്ധതി പറഞ്ഞു.
‘നമ്മള്‍ ന്യൂനപക്ഷങ്ങളുടെ രാജ്യമാണ്, യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷമില്ല. ഇന്ന് നമ്മള്‍ കാണുന്ന ഹിന്ദുത്വ, ഫാസിസത്തിന്റെ എല്ലാ അക്രമങ്ങളും കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്.
യഥാര്‍ത്ഥത്തില്‍ അത് നിലവിലില്ല. അവര്‍ അത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പുതിയ കാര്യമല്ല. സാമ്രാജ്യത്വ ശക്തിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ രാജ്യം വിടാനൊരുങ്ങിയപ്പോഴാണ് ആര്‍.എസ്.എസിനെ തങ്ങളുടെ അംഗബലത്തെക്കുറിച്ച് ആശങ്കകള്‍ വന്നത്. അതുവരെ ഹിന്ദുത്വ ജാതീയ വ്യവസ്ഥയില്‍ പ്രയാസം തോന്നിയ ഇസ്‌ലാമിലേക്കോ സിഖ് മതത്തിലേക്കോ ക്രിസ്ത്യന്‍ മതത്തിലേക്കോ മാറിയവരെ കുറിച്ച് സംഘടനക്ക് ബോധ്യമോ ചിന്തയോ ഉണ്ടായിരുന്നില്ല. ആ മതംമാറ്റമൊന്നും ആര്‍.എസ്.എസിനെ ബാധിച്ചത് പോലുമില്ല.
പക്ഷേ എന്നാണോ സംഖ്യകളെ കുറിച്ച് അവര്‍ക്ക് പ്രയാസം തോന്നി തുടങ്ങിയത്, അന്നുമുതല്‍ അവര്‍ ഹിന്ദുത്വവും ആരംഭിച്ചു. ഇതോടെ മതപരിവര്‍ത്തനം ആഗോള പ്രശ്‌നമായി മാറി, ദളിതരെ ഹിന്ദു പക്ഷത്തേക്ക് ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. അതോടെ രാജ്യത്ത് ഫാസിസവും ഉടലെടുത്തു,’ അരുന്ധതി റോയ് പറയുന്നു.
Content Highlight: Arundhati roy says that India has been descended into fascism