| Thursday, 5th November 2015, 12:15 pm

'ഞാന്‍ എന്റെ പുരസ്‌കാരം തിരിച്ച് നല്‍കുന്നു. ഇതാണ് കാരണം...': അരുന്ധതി റോയിയുടെ വിശദീകരരണത്തിന്റെ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“നിയമവിരുദ്ധ കൊലപാതങ്ങളെന്ന” പുതിയ ചര്‍ച്ചാ വിഷയത്തെക്കുറിച്ച് രാഷ്ട്രീയക്കാരും പ്രവര്‍ത്തകരും പറയുമ്പോള്‍ കൊല്ലപ്പെടുന്ന മനുഷ്യരെക്കുറിച്ചല്ല അവര്‍ പറയുന്നത്, ഭാവനയിലുള്ള കൊല്ലപ്പെട്ട പശുവിനെക്കുറിച്ചാണ്, അത്തരമൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.


നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അളവുകോലാണ് പുരസ്‌കാരങ്ങള്‍ എന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും തിരിച്ചുനല്‍കപ്പെടുന്ന പുരസ്‌കാരങ്ങളുടെ കൂനയിലേക്ക് 1989ല്‍ മികച്ച തിരക്കഥക്ക് ലഭിച്ച ദേശീയ പുരസ്‌കാരം സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സര്‍ക്കാര്‍ വളര്‍ത്തുന്ന “വര്‍ധിച്ചുവരുന്ന അസഹിഷ്ണുത” യെന്നു വിളിക്കുന്ന സാഹചര്യം “ഞെട്ടലുണ്ടാക്കിയത്” കൊണ്ടല്ല ഞാന്‍ പുരസ്‌കാരം തിരിച്ചുനല്‍കുന്നതെന്ന് ഞാന്‍ വ്യക്തമാക്കട്ടെ.

മനുഷ്യരെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിനും, വെടിവെക്കുന്നതിനും ചുട്ടുകൊല്ലുന്നതിനും കൂട്ടക്കൊലയ്ക്കും “അസഹിഷ്ണുത” എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് ആദ്യമേ പറയാനുള്ളത്. രണ്ടാമതായി, എന്താണ് നമ്മളെ കാത്തിരിക്കുന്നത് എന്നതു സംബന്ധിച്ച് നമുക്ക് ഒരുപാട് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സര്‍ക്കാറിനെ വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിച്ച് അധികാരത്തിലിരുത്തിയശേഷം സംഭവിച്ച കാര്യങ്ങള്‍ ഞെട്ടിച്ചെന്ന് എനിക്ക് അവകാശപ്പെടാനാവില്ല.


Also Read: സുപ്രീംകോടതിയുടെ ഇടനാഴിയില്‍ ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: ഇന്ദിര ജെയ്‌സിങ്


മൂന്നാമതായി തീവ്രമായ അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് ഈ ഭീകരമായ കൊലപാതകങ്ങള്‍. ജീവിതം ജീവിക്കുന്നവര്‍ക്കിന്നൊരു നരകമായി തീര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ദളിതരും, ആദിവാസികളും, മുസ്‌ലീങ്ങളും, ക്രിസ്ത്യാനികളും അടങ്ങുന്ന ജനത എപ്പോഴാണ് എവിടെവെച്ചാണ് തങ്ങള്‍ ആക്രമിക്കപ്പെടുകയെന്നറിയാതെ ഭീതിയില്‍ ഭീകരാന്തരീക്ഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. “നിയമവിരുദ്ധ കൊലപാതങ്ങളെന്ന” പുതിയ ചര്‍ച്ചാ വിഷയത്തെക്കുറിച്ച് ഹിന്ദുത്വത്തിന്റെ വക്താക്കളും രാഷ്ട്രീയക്കാരും പറയുമ്പോള്‍ കൊല്ലപ്പെടുന്ന മനുഷ്യരെക്കുറിച്ചല്ല അവര്‍ പറയുന്നത്, ഭാവനയിലുള്ള കൊല്ലപ്പെട്ട പശുവിനെക്കുറിച്ചാണ്, അത്തരമൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.

കുറ്റകൃത്യം നടന്നിടത്തുനിന്നും “ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകളെപറ്റി” അവര്‍ സംസാരിക്കുന്നത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണത്തെ ഉദ്ദേശിച്ചാണ്. അല്ലാതെ ജനക്കൂട്ടം കൊലചെയ്തയാളുടെ മൃതശരീരത്തെപ്പറ്റിയല്ല. നമ്മള്‍ “പുരോഗമിച്ചു” എന്നാണ് നമ്മള്‍ പറയുന്നത്. പക്ഷെ ദളിതര്‍ കശാപ്പുചെയ്യപ്പെടുമ്പോള്‍ കുട്ടികളെ ജീവനോടെ ചുട്ടെരിക്കുമ്പോള്‍ അംബേദ്കര്‍ ഒരിക്കല്‍ പറഞ്ഞതുപോലെ “അസ്പൃശ്യരെ സംബന്ധിച്ച് ഹിന്ദുയിസം എന്നത് ഭീകരതയുടെ യഥാര്‍ത്ഥ മുറിയാണെന്ന്്” ആക്രമിക്കപ്പെടുകയോ, വെടിയേല്‍ക്കുകയോ, തടവിലാക്കപ്പെടുകയോ ചെയ്യാതെ ഏത് എഴുത്തുകാരനാണ് സ്വതന്ത്രമായി പറയാനാവുക.

ഏതു എഴുത്തുകാരനാണ് സാദത് ഹസന്‍ മാന്തോ “ലെറ്റേഴ്‌സ് ടു അങ്കിള്‍ സാം” ല്‍ എഴുതിയകാര്യം എഴുതാനാവുക? അവര്‍ പറഞ്ഞതിനെ നമ്മള്‍ അംഗീകരിക്കുന്നോ ഇല്ലയോ എന്നതല്ല കാര്യം. നമുക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ബൗദ്ധികപോഷണത്തിന്റെ അഭാവമുള്ള ഒരു സമൂഹമായി നമ്മള്‍ മാറും. വിഡ്ഢികളുടെ രാജ്യമായി.

ഈ ഉപഭൂഖണ്ഡത്തിന്റെ അടിമുതല്‍ മുടിവരെ അത് ബാധിച്ചിരിക്കുകയാണ്. പുതിയ ഇന്ത്യ ആവേശത്തോടെ കൂട്ടിയിണക്കപ്പെട്ടതും അതിലേക്കാണ്. ഇവിടെയും ഇപ്പോള്‍ അതാണ്. സെന്‍സര്‍ഷിപ്പ് ജനക്കൂട്ടത്തിന് പുറംകരാര്‍ നല്‍കിയിരിക്കുകയാണ്.

തിരിച്ചുനല്‍കാന്‍ എന്റെ പക്കലൊരു ദേശീയ പുരസ്‌കാരമുള്ളതില്‍ എനിക്കു സന്തോഷമുണ്ട്. കാരണം ഇന്ത്യയിലെ എഴുത്തുകാരും അക്കാദമിക്കുകളും സിനിമാക്കാരും തുടങ്ങിവെച്ച ഒരു പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ അതെനിക്കു അവസരം നല്‍കുന്നു. ഇവര്‍ പ്രതികരിക്കുന്നത് ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര അപകടത്തോടാണ്, നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ കൂട്ടായ യുക്തിയെ തകര്‍ക്കുന്ന, നമ്മളെ ഛിന്നഭിന്നമാക്കുന്ന, നമ്മളെ കത്തിക്കരിക്കുന്ന ഒരു ഭീഷണിയോടാണ്.

കലാകാരന്മാരും ബുദ്ധിജീവികളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത ഒന്നാണ്. ചരിത്രത്തില്‍ അതിനുസമാനമായി ഒന്നുമില്ല. ഇതരമാര്‍ഗങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന രാഷ്ട്രീയമാണത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. അതേസമയം, ഈ രാജ്യത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ലജ്ജയുമുണ്ട്.

അനുബന്ധം: രേഖാപരമായി 2005ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് തന്നെ സാഹിത്യ അക്കാദമി പുരസ്‌കാരം ഞാന്‍ നിരാകരിച്ചിരുന്നു. അതുകൊണ്ട് പഴയ കോണ്‍ഗ്രസ് Vs ബി.ജെ.പി സംവാദത്തില്‍ എന്നെ വിട്ടേക്ക്. ഇത് അതിനപ്പുറം പോയിരിക്കുകയാണ്. നന്ദി

We use cookies to give you the best possible experience. Learn more