ന്യൂദല്‍ഹി: 2024 പെന്‍ പിന്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയി. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.
ബ്രിട്ടീഷ്-ഈജിപ്ഷ്യന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അലാ അബ്ദുള്‍ ഫത്താഹിനുമായി അരുന്ധതി റോയ് ‘റൈറ്റര്‍ ഓഫ് കറേജ് 2024’ പുരസ്‌കാരം പങ്കിടുകയും ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാരിന്റെ നിലപാടുകളില്‍ ശബ്ദമുയര്‍ത്തിയതിന് അഞ്ച് വര്‍ഷത്തിലേറെ 42കാരനായ ഫത്താഹ് ഈജിപ്തില്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു. തടവിലായിട്ട് പോലും തന്റെ നിലപാടുകളില്‍ മാറ്റം വരുത്താതെ ഉറച്ചുനിന്നതിന് അരുന്ധതി റോയ് ‘ധീരത’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഈജിപ്ഷ്യന്‍ വാര്‍ത്താ വെബ്സൈറ്റായ മദാ മാസ്‌റിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ലിന അത്താലയാണ് ഫത്താഹിനെ പ്രതിനിധീകരിച്ച് പുരസ്‌കാരം കൈപ്പറ്റിയത്.
പുരസ്‌കാരം ഏറ്റുവാങ്ങിയ അരുന്ധതി റോയ്, ഇന്ത്യയില്‍ തടവിലാക്കപ്പെട്ട എഴുത്തുകാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്മാനത്തുക ഫലസ്തീന്‍ കുട്ടികള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അരുന്ധതി പറഞ്ഞു. ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ പ്രയത്‌നിക്കുമെന്നും അരുന്ധതി റോയ് വ്യക്തമാക്കി.
നൊബേൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററിന്റെ സ്മരണയ്ക്കായി മനുഷ്യാവകാശ ചാരിറ്റിയായ ഇംഗ്ലീഷ് പെന്‍ ആണ് പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് തുടക്കമിട്ടത്. 2009 മുതലാണ് ഈ പുരസ്‌കാരം നല്‍കാന്‍ ഇംഗ്ലീഷ് പെന്‍ തുടങ്ങിയത്.
യു.എസ് ഗാര്‍ഡിയനിലെ കോളമിസ്റ്റായ നവോമി ക്‌ളീനും പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. നവോമി അരുന്ധതി റോയിക്കും അവരുടെ നിലപാടുകള്‍ക്കും പിന്തുണ അറിയിച്ചു. അരുന്ധതി റോയ് തന്നെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണെന്നും നവോമി ക്‌ളീന്‍ പറഞ്ഞു.
യു.കെ, റിപ്പബ്ലിക് ഓഫ് അയ്‌ലാന്‍ഡ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ രാജ്യങ്ങളിലെ എഴുത്തുകാരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. എഴുത്തിലെ സത്യസന്ധത, ദൃഢനിശ്ചയം എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുക.
അരുന്ധതി റോയ്, അലാ അബ്ദുള്‍ ഫത്താഹ് ഈ വര്‍ഷത്തെ ധൈര്യമുള്ള എഴുത്തുകാരാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ചടങ്ങിന്റെ വിവരങ്ങള്‍ പെന്‍ ഇന്റര്‍നാഷണല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണിലാണ് 2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് അരുന്ധതി റോയ് അര്‍ഹയായത്. സ്വന്തം സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും അപകടമായിട്ടും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിനും വേണ്ടി പോരാടിയതിനാണ് പുരസ്‌കാരം.
2010ല്‍ നടത്തിയ ചില പ്രസ്താവനകളുടെ പേരില്‍ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പെന്‍ പിന്റര്‍ പുരസ്‌കാരത്തിന് അരുന്ധതി റോയി അര്‍ഹയാകുന്നത്.
Content Highlight: Arundhati Roy received the Pen Pinter Award