| Wednesday, 11th August 2021, 5:27 pm

തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നാല്‍ സ്വയം നശിക്കും; കേരളത്തിലെ തുടര്‍ഭരണം സി.പി.ഐ.എമ്മിന് ദോഷം ചെയ്യുമെന്ന് അരുന്ധതി റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി അരുന്ധതി റോയ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തിയത് ഇടതുപക്ഷത്തിന് തന്നെ ദോഷം ചെയ്യുമെന്ന് അരുന്ധതി റോയ് പറഞ്ഞു.

മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം ലക്കത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.

‘ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്,’ അരുന്ധതി റോയ് പറഞ്ഞു.

സംസ്ഥാനത്തെ തുടര്‍ഭരണം സി.പി.ഐ.എമ്മിന് ദോഷം ചെയ്യുമെന്നും അവര്‍ നിരീക്ഷിച്ചു. പശ്ചിമബംഗാളിലേതുപോലെ കേരളത്തില്‍ സി.പി.ഐ.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അവരെ അതിന് അനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണെന്ന് അരുന്ധതി റോയി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്തവണ ആ മാറ്റം മുറിഞ്ഞിരിക്കുന്നുവെന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും അത് സി.പി.ഐ.എമ്മിന്റെ ഗുണത്തെ കരുതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നേട്ടമുണ്ടായതുപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വളരെയധികം നേട്ടങ്ങളുണ്ടായിട്ടുണ്ട്,’ അരുന്ധതി റോയ് പറഞ്ഞു.

എന്നാല്‍ തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുക എന്നത് തീര്‍ച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

‘ദ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സില്‍’ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞാന്‍ വിമര്‍ശിച്ചത് ജാതിപരമായ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള അതിന്റെ കഴിവില്ലായ്മ കൊണ്ടാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയ്ക്ക് ഒറ്റ സീറ്റും ലഭിച്ചില്ലെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും അരുന്ധതി റോയ് പറഞ്ഞു.

‘എന്റെ സിസ്റ്റര്‍-ഇന്‍-ലോ തെരഞ്ഞെടുപ്പ് സമയത്ത് ‘ബിജെപി=ആനമുട്ട’ എന്ന മെസേജ് അയച്ചപ്പോള്‍ മലയാളി എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി,’ അരുന്ധതി റോയ് പറഞ്ഞു.

കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more